ഐ.എസ്.എല്ലിൽ മുൻ ചാമ്പ്യൻമാരായ എ.ടി.കെ മോഹൻ ബഗാൻ തോൽവി വഴങ്ങി. ചെന്നൈയിൻ എഫ്.സിയാണ് എ.ടി.കെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴ്‌പ്പെടുത്തിയത്. ആദ്യ പകുതിയിൽ മൻവീർ സിങ് എ.ടി.കെക്ക് വേണ്ടി വലകുലുക്കിയെങ്കിലും രണ്ടാം പകുതിയിൽ കരികരിയെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ഗോളാക്കി മാറ്റി ചെന്നൈയിൻ സമനില പിടിച്ചു.
83ാം മിനിട്ടിൽ കരികരിയുടെ പാസിൽ നിന്ന് റഹീം അലി നേടിയ ഗോളിലൂടെയാണ് ചെന്നൈയിൻ വിജയം ഉറപ്പിച്ചത്. ഹോം ഗ്രൗണ്ടിൽ ആദ്യ പോരിനിറങ്ങിയ എ.ടി.കെയാണ് ആദ്യ പകുതിയിൽ മുന്നിട്ട് നിന്നത്. അതേസമയം നിരവധി ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ഒരു ഗോൾ മാത്രമാണ് ചെന്നൈയിന് നേടാനായത്.
ആദ്യ പകുതിയിൽ കുറഞ്ഞത് മൂന്ന് ഗോളെങ്കിലും പേരിലാക്കാനുള്ള അവസരം എ.ടി.കെക്ക് ലഭിച്ചിരുന്നു. തുടക്കം മുതൽ നിരന്തര ആക്രമണങ്ങളുമായി എതിരാളികളെ പ്രതിരോധിക്കാനും എ.ടി.കെക്ക് സാധിച്ചിരുന്നു. 27ാം മിനിട്ടിൽ മൻവീർ സിങ്ങാണ് കൊൽക്കത്തക്ക് കാത്തിരുന്ന ലീഡ് സമ്മാനിച്ചത്.
ആദ്യ പകുതിക്ക് സമാനമായിരുന്നു രണ്ടാം പകുതിയുടെ തുടക്കവും. എന്നാൽ അപ്രതീക്ഷിതമായാണ് ചെന്നൈ സമനില ഗോൾ വലയിലെത്തിച്ചത്. 61ാം മിനിട്ടിൽ കൗണ്ടർ അറ്റാക്കിലൂടെ ചെന്നൈയിൻ ആദ്യ അവസരം പ്രയോജനപ്പെടുത്തി. ചെന്നൈക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചപ്പോൾ കരികരിക്ക് പിഴച്ചില്ല. ഇതോടെ ചെന്നൈയിൻ സമനില പിടിക്കുകയായിരുന്നു.
സമനില ഗോൾ കണ്ടെത്തിയതോടെ ചെന്നൈയിൻ കൂടുതൽ അക്രമാസക്തരാവുകയും ലഭ്യമായ അവസരങ്ങൾ ഉപയോഗപ്പെടുത്തുകയുമായിരുന്നു. തുടർച്ചയായി ആക്രമണം ഏറ്റു വാങ്ങി പ്രതികാരദാഹികളായ എതിരാളികളെ തടുത്തു നിർത്താനേ പിന്നീട് എ.ടി.കെക്ക് നിർവാഹമുണ്ടായിരുന്നുള്ളൂ.
സമനില ഗോളിനായി എ.ടി.കെ തന്ത്രങ്ങൾ മെനഞ്ഞെങ്കിലും ചെന്നൈ പ്രതിരോധിച്ച് നിന്നതോടെ തോൽവി വഴങ്ങാനായിരുന്നു മുൻ ചാമ്പ്യൻമാരുടെ വിധി.
Content Highlights: ISL 2022-23; Chennayin FC defeats ATK Mohun Bagan