കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്‍ പരിശീലകന്‍ നെലോ വിന്‍ഗാദയെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി നിയമിച്ചു. തുടര്‍ തോല്‍വികളെ തുടര്‍ന്ന് സ്ഥാനം നഷ്ടമായ ഇംഗ്ലീഷ് കോച്ച് ഡേവിഡ് ജെയിംസിന് പകരക്കാരനായാണ് പോര്‍ച്ചുഗീസുകാരനായ വിന്‍ഗാദ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനാകുന്നത്.
ദി പ്രഫസര്‍ എന്നറിയപ്പെടുന്ന പരിശീലകന്‍ സൗദി അറേബ്യ അടക്കമുള്ള ദേശീയ ടീമുകളുടെ പരിശീലകനായിരുന്നു. പോര്‍ച്ചുഗല്‍ അണ്ടര്‍-20, ഇറാന്‍ അണ്ടര്‍-23, മലേഷ്യ, ഈജിപ്ത്, ജോര്‍ജാന്‍ എഫ്.സി എന്നീ ടീമുകളുടെ പരിശീലകനായിരുന്നു.
സൗദിക്ക് 1996ലെ ഏഷ്യാകപ്പും 1998ല്‍ ഫ്രാന്‍സിന് ലോകകപ്പ് യോഗ്യതയും നെലോ നേടിക്കൊടുത്തിട്ടുണ്ട്. നിലവില്‍ ഏഷ്യാകപ്പില്‍ ഇറാന്‍ ടീമിന്റെ പരിശീലക സംഘത്തിനൊപ്പമാണ് നെലോ.
2016ലായിരുന്നു നോര്‍ത്ത് ഈസ്റ്റിനെ പരിശീലിപ്പിച്ചത്. ശേഷം മലേഷ്യന്‍ ടീമിന്റെ പരിശീലകനായി സേവനമനുഷ്ഠിച്ചു.മലേഷ്യയില്‍ ദുര്‍ബലമായ പ്രകടനമാണ് നെലോയ്ക്ക് കീഴില്‍ ടീം പുറത്തെടുത്തത്.
സൂപ്പര്‍ കപ്പില്‍ ഇടം നേടാനും ഐ.എസ്എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും പ്രഫസറുടെ സാന്നിധ്യം സഹായകരമാകുമെന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് വെഞ്ചര്‍ ഡയറക്ടര്‍ നിതില്‍ കുക്‌റജ പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. വരും മത്സരങ്ങളില്‍ മികച്ച റിസള്‍ട്ടിനായി പ്രയത്‌നിക്കുമെന്ന് വിന്‍ഗാദ വ്യക്തമാക്കി.