കാബൂള്‍: താലിബാന്‍ നേതാവ് റഹീമുല്ല ഹഖാനിയെ കൊലപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന പ്രഖ്യാപനവുമായി ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സ് (ഐ.എസ്.കെ.പി).
കഴിഞ്ഞ മാസം ചാവേര്‍ ബോംബാക്രമണത്തിലായിരുന്നു റഹീമുല്ല ഹഖാനി കൊല്ലപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങളാണ് ഐ.എസ് പ്രൊപ്പഗാണ്ട വീഡിയോ ആയി പുറത്തുവിടാന്‍ ഒരുങ്ങുന്നത്. ഐ.എസ്.കെ.പിയുടെ മീഡിയ വിങ്ങായ അല്‍ അസൈം ഫൗണ്ടേഷനാണ് (Al Azaim Foundation) ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ താഴ്ത്തിക്കെട്ടാനും സലഫിസ്റ്റുകളുടെ പിന്തുണ ലഭിക്കാനും വേണ്ടിയാണ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം അഫ്ഗാന്‍ വിട്ടതിന് പിന്നാലെ ഐ.എസ്.കെ.പി അഫ്ഗാനില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ തുടങ്ങിയിരുന്നു.
ഇസ്‌ലാമിക് സ്റ്റേറ്റിനെതിരായി തുടര്‍ച്ചയായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിരുന്ന ആളായിരുന്നു ഹഖാനി. 2020ല്‍ പാകിസ്ഥാനില്‍ വെച്ചുണ്ടായതടക്കം ഇദ്ദേഹത്തിനെതിരെ രണ്ട് വധശ്രമങ്ങളും നടന്നിരുന്നു.
ഓഗസ്റ്റ് 11നായിരുന്നു റഹീമുല്ല ഹഖാനി കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം അന്ന് തന്നെ ഐ.എസ്.ഐ.എസ് ഏറ്റെടുത്തിരുന്നു.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹഖാനിയുടെ മദ്രസയില്‍ വെച്ചായിരുന്നു സംഭവം. പിന്നാലെ തങ്ങളുടെ ടെലഗ്രാം ചാനലിലൂടെ സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഐ.എസ് രംഗത്തെത്തുകയായിരുന്നു.
പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അനുകൂലമായി സംസാരിച്ചിരുന്നയാളായിരുന്നു ഹഖാനി. വിദ്യാഭ്യാസത്തിനുള്ള സ്ത്രീകളുടെ അവകാശത്തെ പിന്തുണച്ചുകൊണ്ട് ഇദ്ദേഹം പരസ്യമായി രംഗത്തെത്തിയിരുന്നു.