ഗോശാലകള്‍ പശുക്കളെ കശാപ്പ് ചെയ്യാന്‍ നല്‍കുന്നുവെന്ന പരാമര്‍ശം; മനേക ഗാന്ധിക്കെതിരെ നൂറുകോടിയുടെ മാനനഷ്ട നോട്ടീസയച്ച് ഇസ്‌കോണ്‍
ന്യൂദല്‍ഹി: ഗോശാലകളില്‍ നിന്നും പശുക്കളെ അറവുകാര്‍ക്ക് നല്‍കുന്നുവെന്ന പരാമര്‍ത്തിന് പിന്നാലെ ബി.ജെ.പി എം.പി മനേക ഗാന്ധിക്കെതിരെ നൂറ് കോടിയുടെ മാനനഷ്ട നോട്ടീസയച്ച് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് (ഇസ്‌കോണ്‍). എം.പിയുടെ പരാമര്‍ശം അപകീര്‍ത്തിപരമാണെന്നും ഇസ്‌കോണ്‍ അംഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
‘മനേക ഗാന്ധിയുടെ വാക്കുകള്‍ ദൗര്‍ഭാഗ്യകരമാണ്. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഭക്തര്‍ സങ്കടത്തിലാണ്. ഞങ്ങള്‍ അവര്‍ക്കെതിരെ നൂറ് കോടിയുടെ മാനനഷ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരിക്കല്‍ യൂണിയന്‍ മിനിസ്റ്ററായിരുന്നു ഒരു എം.പിക്ക് തെളിവുകളൊന്നുമില്ലാതെ എങ്ങനെയാണ് ഇത്ര വലിയ നുണ പറയാന്‍ സാധിക്കുക?’ കൊല്‍ക്കത്തയിലെ ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധാരാമന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ശ്രീകൃഷ്ണ ഭക്തരുടെ ആഗോള സംഘടനയായ ഇസ്‌കോണിനെതിരെ മനേക ഗാന്ധി രംഗത്തെത്തിയത്. ആന്ധ്രപ്രദേശിലെ അനന്തപുരിലെ ഇസ്‌കോണ്‍ ഗോശാല സന്ദര്‍ശിച്ചപ്പോള്‍ അവിടെ കറവപ്പശുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റെല്ലാം അവര്‍ കശാപ്പുകാര്‍ക്ക് വിറ്റെന്നാണ് ഇതിനര്‍ത്ഥമെന്നുമാണ് മനേക ഗാന്ധി പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്.
പരാമര്‍ശം വ്യാപകമായി പ്രചരിച്ചതോടെ മനേക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശവനവുമായി ഇസ്‌കോണ്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. സ്ഥാപനം നടത്തുന്നത് കന്നുകാലികളുടെ സംരക്ഷണത്തിനാണെന്നും അവരെ കശാപ്പുചെയ്യാനല്ലെന്നുമായിരുന്നു ഇസ്‌കോണിന്റെ പ്രതികരണം.
Content Highlights: ISKCON sends 100 crore defamation notice to BJP MP Maneka Gandhi