| Thursday, 10th September 2015, 5:22 pm

അയ്‌ലന്റെ ചിത്രമുപയോഗിച്ച് അഭയാര്‍ത്ഥികള്‍ക്ക് ഇസിസിന്റെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: ലോകത്തിന്റെ കണ്ണു നനയിച്ച മൂന്ന് വയസുകാരന്‍ അയ്‌ലന്റെ ചിത്രമുപയോഗിച്ച് അഭയാര്‍ത്ഥികള്‍ക്ക് ഇസിസിന്റെ മുന്നറിയിപ്പ്. അഭയാര്‍ത്ഥികള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനെതിരെയാണ് ഇസിസ് രംഗത്തെത്തിയിരിക്കുന്നത്. ഇത് പാപമാണെന്നാണ് ഇവര്‍ പറയുന്നത്.

കടല്‍ തീരത്ത് മരിച്ചുകിടന്ന അയ്‌ലന്റെ ചിത്രം ലോകത്തിന് വലിയ വേദനയാണ് സൃഷ്ടിച്ചിരുന്നത്. ഗ്രീസിലേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെ ബോട്ടപകടത്തിലായിരുന്നു കുഞ്ഞ് അയ്‌ലന്റെ മരണം. കടല്‍ത്തീരത്ത് ജീവനറ്റ് കിടന്ന അയ്‌ലന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ അഭയാര്‍ത്ഥി വിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറായിരുന്നു.

ഈ കൊച്ചു കുട്ടിയുടെ മരണമാണ് ഇസിസ് ഇപ്പോള്‍ സ്വന്തം താല്‍പര്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്. “ഇസ്‌ലാമിന്റെ മണ്ണ് ഉപേക്ഷിച്ചതിന്റെ അപകടം” എന്നാണ് ഇസിസ് അയ്‌ലന്റെ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ദാബിഖ് എന്ന ഇംഗ്ലീഷ് മാഗസീനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

“അഭയാര്‍ത്ഥികള്‍ കുട്ടികളുമായി പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് പോകുന്നത് വലിയ പാപമാണ്. ഇവര്‍ വ്യഭിചാരം, മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഭീഷണിയിലാണ്.” അവര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more