| Tuesday, 19th July 2016, 11:52 am

ഹരിദ്വാറിലെ അര്‍ധ കുംഭമേളയില്‍ ഭീകരാക്രമണം നടത്താന്‍ ഐസിസ് പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിദ്വാറില്‍ നടന്ന അര്‍ധ കുംഭമേളയില്‍ ഭീകരാക്രമണം നടത്താന്‍ ഐസിസ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വ്യക്തമാക്കുന്നു.

അടുത്തിടെ പിടിയിലായ ഐസിസ്  അനുഭാവികളെ ചോദ്യംചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു.

ദല്‍ഹിയിലും ഭീകരാക്രമണത്തിനു ഇവര്‍ പദ്ധതിയിട്ടിരുന്നു. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെയും മറ്റു വിവാദ മുസ്‌ലിം പുരോഹിതരുടെയും പ്രസംഗങ്ങള്‍ അടങ്ങിയ വിഡിയോകളും ഇവരുടെ പക്കല്‍നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പിടിയിലായവര്‍ സിറിയയില്‍നിന്നും പരിശീലനം ലഭിച്ചവരാണെന്നും ഇവര്‍ അതിമാരകമായ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ചിരുന്നുവെന്നും പ്രത്യേക കോടതിയില്‍ എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ഇന്ത്യയിലെ തന്ത്രപ്രധാനമായ മറ്റിടങ്ങിലും ഭീകരാക്രമണത്തിന് ഐസിസ് പദ്ധതിയിട്ടിരുന്നതെന്നാണ് എന്‍.ഐ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പിടിക്കപ്പെട്ട ആറുപേരില്‍ ഒരാള്‍ക്ക് സിറിയയിലെ ഐസിസ് ഭീകരരുമായി നേരിട്ടു ബന്ധമുണ്ടെന്നാണ് എന്‍.ഐ.എ സംശയിക്കുന്നത്.

We use cookies to give you the best possible experience. Learn more