പാകിസ്ഥാനില്‍ ബസിന് നേരെ ആക്രമണം നടത്തുകയും 43 ശിയാ വിഭാഗക്കാരെ കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ഇസിസ് ഏറ്റെടുത്തു. അക്രണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടതിലും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്ക് പറ്റിയതിതും അല്ലാഹുവിനോട് നന്ദി പറഞ്ഞ് ഇസിസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അറബിയിലാണ ട്വീറ്റ്.
“അല്ലാഹുവിന് നന്ദി, ഇസ്‌ലാമിക് സ്റ്റേറ്റ് സൈനികര്‍ കറാച്ചിയില്‍ ശിയാ വിഭാഗക്കാര്‍ സഞ്ചരിക്കുകയായിരുന്ന ബസില്‍ നടത്തിയ ആക്രണത്തില്‍ 43 മതപരിത്യാഗികള്‍ കൊല്ലപ്പെടുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.” ഇസിസിന്റെ ട്വീറ്റില്‍ പറയുന്നു. ഇത് പാകിസ്ഥാനില്‍ നടത്തുന്ന ആദ്യത്തെ ആക്രമണമാണെന്നും ഇസിസ് പറയുന്നു.
ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ഇസിസുമായി ബന്ധമുള്ള ലഘുലേഖകള്‍ പോലീസ് കണ്ടെടുത്തിരുന്നു. കറാച്ചിയിലെ സഫൂറ ചൗക്കിലാണ് പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ശിയാ വിഭാഗത്തിന് നേരെ അക്രമം നടന്നത്. പാകിസ്ഥാനിലെ ശിയാ വിഭാഗമായ ഇസ്മായിലി സമുദായംഗങ്ങള്‍ സഞ്ചരിച്ച ബസിന് നേരെയാണ് ഭീകരാക്രമണം നടത്തിയിരുന്നത്.
മോട്ടോര്‍ ബൈക്കിലെത്തിയ ആറംഗ സംഘമാണ് ബസിന് നേരെ വെടിയുതിര്‍ത്തത്. ഭീകരര്‍ ബസില്‍ കയറിയ ശേഷം യാത്രക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പാക്കിസ്ഥാനില്‍ ശിയാ ന്യൂനപക്ഷത്തെ വംശീയമായി ഇല്ലാതാക്കാന്‍ വേണ്ടിയാണ് തുടര്‍ച്ചയായി അക്രമണങ്ങള്‍ നടത്തുന്നതെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.