| Wednesday, 11th March 2015, 9:38 am

ഇസ്രഈല്‍ ചാരനെ കുട്ടിയെ ഉപയോഗിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇസിസ് പുറത്ത് വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂത്ത്:  ചാരനാണെന്ന് ആരോപിച്ച് കൊണ്ട് ഇസ്രഈല്‍ അറബ് വംശജനെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇസിസ് പുറത്ത് വിട്ടു. മുഹമ്മദ് മുസല്ലം എന്ന വ്യക്തിയെ 12 കാരനായ ഇസിസ് ബാലന്‍ വെടിവെച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് ഇസിസ് പുറത്ത് വിട്ടിരിക്കുന്നത്.

ഇസിസ് മാധ്യമ വിഭാഗമായ ഫുര്‍ഖാന്‍ മീഡിയ പുറത്ത് വിട്ട 13ഓളം മിനുറ്റ് നീളമുള്ള വീഡിയോവില്‍ ഓറഞ്ച് വസ്ത്രം ധരിച്ചാണ് മുസല്ലം പ്രത്യക്ഷപ്പെടുന്നത്. ഇതിലദ്ദേഹം താന്‍ എങ്ങനെയാണ് മൊസദില്‍ എത്തിപ്പെട്ടതെന്നും തന്റെ പിതാവും സഹോദരനും തന്നെ മൊസദില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിച്ചതായും പറയുന്നുണ്ട്. ഇതിന് ശേഷമാണ് 12 വയസ് തോന്നിക്കുന്ന ബാലന്‍ ഇയാളെ വെടിവെച്ച് വീഴ്ത്തിയിടുന്നതിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നത്.

കിഴക്കന്‍ ജെറുസലേമുകാരനായ മുഹമ്മദ് മുസല്ലമിനെ കഴിഞ്ഞ വര്‍ഷം മുതലായിരുന്നു കാണാതായിരുന്നത്. താനൊരു ഇസ്രഈല്‍ ചാരനാണെന്ന് സമ്മതിച്ച് കൊണ്ടുള്ള മുഹമ്മദിന്റെ അഭിമുഖം കഴിഞ്ഞ മാസം ഇസിസ് പുറത്ത് വിട്ടിരുന്നു.

അതേ സമയം മുസല്ലം മൊസദ് ചാരനായിരുന്നുവെന്ന ആരോപണങ്ങളെ അദ്ദേഹത്തിന്റെ പിതാവും ഇസ്രഈല്‍ അധികൃതരും നിഷേധിച്ചു. മുസല്ലം ഇസിസില്‍ ചേരാനായി സ്വമേധയാ തീരുമാനമെടുത്താണ് വീട് വിട്ടതെന്ന് അദ്ദേഹത്തിന്റെ പിതാവ് ഇസ്രഈല്‍ ദിനപത്രമായ ഹാരെറ്റ്‌സിനോട് പറഞ്ഞു.

നിലവില്‍ നിരവധി പേരാണ് ഇസിസിന്റെ ക്രൂരതക്ക് ഇരയായിട്ടുള്ളത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ഫെബ്രുവരിയില്‍ ജോര്‍ദാന്‍ പൈലറ്റിനെ ജീവനോടെ തീവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇസിസ് പുറത്ത് വിട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more