| Thursday, 26th October 2017, 4:41 pm

'യഥാര്‍ത്ഥ മുസ്‌ലിങ്ങള്‍ ഐ.എസ്';ചോദ്യം ചെയ്യലിനിടെ കണ്ണൂരില്‍ പിടിയിലായ ബിരിയാണി ഹംസ പൊലീസിനോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂരില്‍ ഐ.എസ് ബന്ധമെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത ബിരിയാണി ഹംസയെന്ന യു.കെ ഹംസ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മുഖ്യ പരിശീലകനെന്ന് പൊലീസ്. ചോദ്യം ചെയ്യലിനിടെ യഥാര്‍ത്ഥ മുസ്‌ലിങ്ങള്‍ ഐ.എസ് ആണെന്നും അല്ലായെന്ന് തെളിയിക്കാന്‍ മുസ്‌ലിം പണ്ഡിതന്മാരെ വിളിക്കാമെന്നും പൊലീസിനെ വെല്ലുവിളിച്ചതായും ദേശീയ മാധ്യമമായ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.


Also Read: ‘മിത്രോം…എനിക്കൊരു വേദനിപ്പിക്കുന്ന കാര്യം പറയാനുണ്ട്’; മോദിയെ അതേപടി അനുകരിച്ച് 22 കാരന്‍; അക്ഷയ് കുമാര്‍ പോലും എഴുന്നേറ്റ് നിന്ന് കയ്യടിച്ച പ്രകടനം കാണാം


ഇന്നു രാവിലെയായിരുന്നു തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരെ വളപട്ടണം പൊലീസ് അറസ്റ്റുചെയ്തത്. ഹംസ ഐ.എസ് റിക്രൂട്ട്‌മെന്റിലെ പ്രധാന കണ്ണിയാണെന്ന് സംശയിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അറസ്റ്റിലായ അഞ്ച് പേരില്‍ പ്രധാനി 52 കാരനായ ഹംസയാണെന്നും ഇയാള്‍ 1998 മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണെന്നും പൊലീസ് പറയുന്നു.

ബഹ്‌റൈനിലെ “അല്‍ അന്‍സാര്‍” എന്ന മത സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. “അല്‍ അന്‍സാര്‍” ഐ.എസിന് വേണ്ടി പരിശീലനം സംഘടിപ്പിക്കുന്ന സംഘടനയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഘടന വഴി നിരവധി ചെറുപ്പക്കാര്‍ ഐ.എസില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോയിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഹംസക്കൊപ്പം അറസ്റ്റിലായ 42 കാരനായ മനാഫ് റഹ്മാന്‍ ഹംസ വഴി തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് എത്തിച്ചേര്‍ന്ന വ്യക്തിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നലെ തന്നെ ഹംസയെ പൊലീസ് പിടികൂടിയിരുന്നെങ്കിലും അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. ഹംസയ്ക്ക് രാജ്യാന്തരതലത്തിലെ ഐ.എസ് നേതൃത്വവുമായി ബന്ധമുണ്ടെന്നു വ്യക്തമായതായി പൊലീസ് അറിയിച്ചിരുന്നു. ഉത്തര കേരളത്തില്‍നിന്നുള്ള റിക്രൂട്ട്മെന്റിനു ഹംസയാണ് നേതൃത്വം നല്‍കിയതെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.


Dont Miss: കാലാവസ്ഥയല്ല, മാറുന്നത് നമ്മളും നമ്മുടെ ശീലങ്ങളുമാണെന്ന് മോദി; തള്ള് പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ


ഐസിസ് ബന്ധം സംശയിക്കുന്ന മൂന്നുപേരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തുര്‍ക്കിയില്‍നിന്ന് ഐഎസ് പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുര്‍ക്കി പൊലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച അഞ്ചുപേരില്‍ മൂന്നു പേരെയാണ് ഇന്നലെ പിടികൂടിയതെന്നാണ് പൊലീസ് അറിയിച്ചത്.

മുണ്ടേരി കൈപ്പക്കയില്‍ കെ.സി. മിഥിലാജ് (26), മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുല്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട്മെട്ട എം.വി.ഹൗസില്‍ എം.വി. റാഷിദ് (23) എന്നിവരായിരുന്നു അറസ്റ്റിലായത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുകയും ആശയം പ്രചരിപ്പിക്കുകയും ചെയ്തതിനു യു.എ.പി.എ 38,39 വകുപ്പുകള്‍ ചുമത്തിയാണു ഇവര്‍ക്കെതിരെ കേസെടുത്തത്.

മൂന്നുപേരും വ്യത്യസ്ത സമയങ്ങളിലാണ് ഇറാന്‍ വഴി തുര്‍ക്കിയിലെത്തിയത്. മിഥിലാജ് ഷാര്‍ജയിലേക്കും റാഷിദ് മലേഷ്യയിലേക്കും അബ്ദുല്‍ റസാഖ് ദുബായിലേക്കും സന്ദര്‍ശക വീസയിലാണു പോയത്. അവിടെനിന്ന് ഇറാന്‍ വഴി തുര്‍ക്കിയിലെത്തി. ഇസ്തംബുളിലെ ഐഎസ് ക്യാംപില്‍ പരിശീലനം നേടിയ ശേഷം സിറിയയിലേക്കു കടക്കുന്നതിനിടെയാണു തുര്‍ക്കി പൊലീസ് പിടികൂടി നാട്ടിലേക്ക് അയയ്ക്കുന്നതെന്നുമാണ് പൊലീസ് പറഞ്ഞത്. നാലുമാസം മുന്‍പ് നാട്ടിലെത്തിയ ഇവര്‍ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും ഐഎസ് ആശയപ്രചരണം നടത്തുന്നുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.

കണ്ണൂര്‍ കനകമലയില്‍ ഐഎസ് ബന്ധമാരോപിച്ച് അഞ്ച് പേരെ കഴിഞ്ഞ വര്‍ഷം ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. രഹസ്യയോഗം ചേരുന്നതിനിടെയായിരുന്നു അറസ്റ്റ് ചെയ്തത്. അതേസമയം കാസര്‍ഗോഡുനിന്നും 21 യുവാക്കളും കണ്ണൂരില്‍ നിന്നും 15 പേരും ഐഎസില്‍ ചേര്‍ന്നതായാണ് പൊലീസ് രേഖകള്‍ പറയുന്നതെന്നും ഇതില്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലും നിന്നായി 15 പേര്‍ കൊല്ലപ്പെട്ടതായും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more