| Sunday, 27th October 2019, 7:19 pm

ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.

സൈനിക നടപടി രണ്ടു മണിക്കൂര്‍ നീണ്ടുനിന്നു. ബാഗ്ദാദിയുടെ പ്രധാന അനുനായികള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നും സൈനിക നടപടി അമേരിക്കയുടെ നേട്ടമാണെന്നും ട്രംപ് വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബാഗ്ദാദിയുടെ കേന്ദ്രത്തില്‍ നിന്നും 11 കുട്ടികളെ മോചിപ്പിച്ചെന്നും ട്രംപ് പറഞ്ഞു. ‘ഒരു വലിയ സംഭവം നടന്നിരിക്കുന്നു’ എന്നും വൈകിട്ട് ആറുമണിക്ക് മാധ്യമങ്ങളെ കാണുമെന്നും ട്രംപ് പറഞ്ഞിരുന്നു. ശേഷമാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായി ട്രംപ് സ്ഥിരീകരിച്ചത്.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയാണ് സിറിയയിലെ ബാഗ്ദാദിയുടെ താവളം കണ്ടെത്തിയത്. തുടര്‍ന്ന് ബാഗ്ദാദിയുടെ താവളം ലക്ഷ്യംവെച്ച് ആക്രമണം നടത്തിയെങ്കിലും പിടിക്കപ്പെടുന്നതിന് മുമ്പ് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിശദീകരണം.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയാണ്. 2010-ലാണ് ബാഗ്ദാദി ഐ.എസിന്റെ നേതാവാകുന്നത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2017 മെയ് മാസത്തില്‍ വ്യോമാക്രണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് യു.എസ് സൈന്യം അവകാശപ്പെട്ടിരുന്നു. ബാഗ്ദാദിയെ കൊലപ്പെടുത്താനോ പിടികൂടാനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (ഏകദേശം 60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് 2011-ല്‍ പ്രഖ്യാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more