'യഹൂദര്‍ അടുത്തെത്തി,'സൗദിയെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ഐ.എസ്
World News
'യഹൂദര്‍ അടുത്തെത്തി,'സൗദിയെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ഐ.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th October 2020, 5:18 pm

റിയാദ്: സൗദി അറേബ്യക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് തീവ്രവാദ സംഘടനയായ ഐ.എസ്. സൗദിയുടെ എണ്ണ വ്യവസായ മേഖലയെ ആക്രമിക്കാനാണ് അംഗങ്ങളോട് ഐ.എസ് ആഹ്വാനം ചെയ്തത്. ഇസ്രഈലുമായി സൗഹൃദം സ്ഥാപിക്കാന്‍ സൗദി ശ്രമിക്കുന്നതാണ് ആക്രമണത്തിന് കാരണമായി പറയുന്നത്.

‘ഇതാ യഹൂദര്‍ നിങ്ങളുടെ അടുത്തെത്തി. നിങ്ങളുടെ തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കുന്നു. നിങ്ങളുടെ സ്വേച്ഛാധിപതികളുടെ അംഗീകാരത്തോടെ,’ ഐ.എസ് പ്രതിനിധി അബു ഹംസ അല്‍ ഖുറേഷിയുടെ ശബ്ദരേഖയില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനാണ് ഈ ശബ്ദരേഖ ലഭിച്ചത്.

സൗദിയെ എങ്ങനെയാണ് ആക്രമിക്കേണ്ടെതെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. ‘ ടാര്‍ഗറ്റുകള്‍ ധാരാളമാണ്. ഈ സ്വേച്ഛാധിപത്യ സര്‍ക്കാരിന്റെ വരുമാനത്തിന്റെ പ്രധാന കേന്ദ്രമായ ഓയില്‍ പൈപ് ലൈനുകളും ഫാക്ടറികളും തകര്‍ത്ത് തുടങ്ങാം,’

യു.എ.ഇയുമായുള്ള ഇസ്രഈലിന്റെ ഫ്‌ളൈറ്റുകള്‍ക്ക് സൗദിയുടെ വിമാനപാത തുറന്നുകൊടുത്തത് ഐ.എസ് ചൂണ്ടിക്കാട്ടുന്നു. യു.എ.ഇ, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു പിന്നാലെ സൗദിയും ഇസ്രഈലുമായി അടുത്തു തന്നെ സൗഹൃദം സ്ഥാപിക്കും എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഐ.എസിന്റെ ആക്രമണ പദ്ധതി.

സെപ്റ്റംബര്‍ 15 നാണ് വാഷിംഗ്ടണില്‍ വെച്ച് ഇസ്രഈലുമായി ബഹ്റിനും യു.എ.ഇയും നിര്‍ണായക കരാറുകളില്‍ ഒപ്പു വെച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യു.എ.ഇ വിദേശ കാര്യ മന്ത്രി അബ്ദുള്ള ബിന്‍ സയിദ്, ബഹ്റിന്‍ വിദേശ കാര്യ മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ സയനി എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്ത്.

നിലവില്‍ നാല് അറബ് രാജ്യങ്ങളാണ് ഇസ്രഈലുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്നത്. യു.എ.ഇക്കും ബഹ്‌റിനും പുറമെ ഈജിപ്ത് (1979), ജോര്‍ദാന്‍ (1994) എന്നീ രാജ്യങ്ങളും ഇസ്രഈലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: ISIS Calls For Attacks On Saudi Oil Industry