| Tuesday, 1st November 2016, 5:27 pm

മുസ്‌ലിം യുവാക്കള്‍ക്കെതിരെ സ്ഥിരമായി ഐ.എസ് ബന്ധം ആരോപിച്ച് പരാതി; അഭിഭാഷകനെ ഹൈക്കോടതി ശിക്ഷിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേബിയസ് കോര്‍പസ് കേസുകളില്‍ കാണാതായ യുവതികളുടെ രക്ഷിതാക്കള്‍ക്കുവേണ്ടി സ്ഥിരമായി ഹാജരാകുന്ന ഹൈക്കോടതി അഭിഭാഷകനായ സി.കെ. മോഹനനെതിരെയാണ് പി.എന്‍ രവീന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റെ ശിക്ഷാവിധി.


കൊച്ചി: ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളില്‍ എതിര്‍കക്ഷികളായ മുസ്‌ലിം യുവാക്കള്‍ക്കെതിരെ സ്ഥിരമായി ഐ.എസ് ബന്ധവും ലൗജിഹാദും ആരോപിച്ച് പരാതി നല്‍കല്‍ പതിവാക്കിയിരുന്ന അഭിഭാഷകനെ ഹൈക്കോടതി ശിക്ഷിച്ചു.

ഹേബിയസ് കോര്‍പസ് കേസുകളില്‍ കാണാതായ യുവതികളുടെ രക്ഷിതാക്കള്‍ക്കുവേണ്ടി സ്ഥിരമായി ഹാജരാകുന്ന ഹൈക്കോടതി അഭിഭാഷകനായ സി.കെ. മോഹനനെതിരെയാണ് പി.എന്‍ രവീന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റെ ശിക്ഷാവിധി.

കോടതിയെ അവഹേളിച്ചതിന്റെ പേരില്‍ കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി മൂന്നു മാസം തടവും 1000 രൂപ പിഴയുമാണ് ഇയാള്‍ക്ക് ഹൈക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ശേഷം കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.

ഐ.എസ് ബന്ധമുള്ള യുവാവ് പെണ്‍കുട്ടിയെ സംഘടനയില്‍ ചേര്‍ക്കാനും തീവ്രവാദിയാക്കാനും തട്ടിയെടുത്ത് വിദേശരാജ്യങ്ങളിലേക്ക് കടത്തിയെന്നാണ് എല്ലാ ഹര്‍ജികളിലും ഈ അഭിഭാഷകന്‍ ആരോപിക്കാറുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ നാളുകള്‍ക്കുമുമ്പ് കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പൊലീസ് ഇയാളുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.

സമാന കേസുകളില്‍ വീണ്ടും ഇതേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ച് ആരോപിച്ചാണ് സി.കെ. മോഹനന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. സ്ഥിരമായി എല്ലാ ഹര്‍ജിയിലും ഒരേ ആരോപണം ഉന്നയിക്കുന്ന അഭിഭാഷകനോട് മറ്റൊരു ഹര്‍ജിയില്‍ ഹാജരാകവെ ഇതേക്കുറിച്ച് കോടതി ആരാഞ്ഞു. ഇത് ശരിയായ നടപടിയല്ലെന്ന താക്കീതും നല്‍കി. എന്നാല്‍, ഇതിന്റെ പേരില്‍ അഭിഭാഷകന്‍ ജഡ്ജിമാരോട് കയര്‍ത്തുസംസാരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ശിക്ഷ വിധിച്ചത്.

We use cookies to give you the best possible experience. Learn more