ലെബനന്‍: ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ യു.എസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയ്ക്ക് ഐ.എസിന്റെ ഭീഷണി. തങ്ങളുടെ നേതാവനെ ഇല്ലാതാക്കിയതില്‍ അമേരിക്കയോട് അത്രയ്ക്ക് സന്തോഷിക്കേണ്ട എന്ന് ഐ.എസ് പുറത്തുവിട്ട ശബ്ദരേഖയില്‍ വ്യക്തമാക്കി.
പുതിയ തലവനെ തെരഞ്ഞെടുക്കുന്നതായി ഐ.എസ് വ്യാഴാഴ്ച അറിയിച്ചിരുന്നു. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചായിരുന്നു ഐ.എസിന്റെ പ്രഖ്യാപനം. അബു ഇബ്രാഹിം അല്‍-ഹാഷിമി അല്‍-ഖുറേഷിയാണ് ഐ.എസിന്റെ പുതിയ തലവന്‍.
‘ഞങ്ങളുടെ നേതാവിനെ ഇല്ലാതാക്കിയതാലോചിച്ച് അമേരിക്ക അധികം സന്തോഷിക്കേണ്ട. യൂറോപ്പിന്റെയും സെന്‍ട്രല്‍ ആഫ്രിക്കയുടെയും പടിവാതിലില്‍ ഞങ്ങള്‍ എത്തിനില്‍ക്കുന്ന കാര്യം നിങ്ങള്‍ മനസിലാക്കിയിട്ടില്ലേ. എന്നുമാത്രമല്ല, ഞങ്ങള്‍ ഇത് വ്യാപിപ്പിക്കുകയും ഉറപ്പിക്കുകയുമാണ്’, ഐ.എസ് വക്താവ് അവരുടെ സോഷ്യല്‍മീഡിയ ചാനലിലൂടെ അയച്ച ശബ്ദരേഖയില്‍ വ്യക്തമാക്കി.
‘രാജ്യങ്ങള്‍ക്ക് നിങ്ങള്‍ പരിഹാസപാത്രമാവുന്നത് എങ്ങനെയെന്ന് നിങ്ങള്‍ കാണും. ഒരു അഭിപ്രായം പറഞ്ഞ് ഉറങ്ങുകയും മറ്റൊരു അഭിപ്രായത്തോടൊപ്പം ഉറക്കമുണരുകയും ചെയ്യുന്ന ഒരു പ്രായംചെന്ന വിഡ്ഢിയാണ് നിങ്ങളുടെ ഈ വിധിക്ക് കാരണം’, അമേരിക്കയ്്ക്ക് ഐ.എസിന്റെ ഭീഷണി ഇങ്ങനെ.
ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം ഐ.എസിന്റെ കണ്‍സള്‍റ്റേറ്റീവ് കൗണ്‍സിലാണ് പുതിയ തലവനെ തെരഞ്ഞെടുത്തത്. പുതിയ തലവനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഐ.എസ് പുറത്തുവിട്ടിട്ടില്ല. ഐ.എസിന്റെ മുന്‍ വക്താവും യു.എസിന്റെ ബാഗ്ദാദി വേട്ടയില്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന സൈനിക നടപടിയില്‍ ബാഗ്ദാദിയുടെ പ്രധാന അനുയായികള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നും സൈനിക നടപടി അമേരിക്കയുടെ നേട്ടമാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയായിരുന്നു. 2010-ലാണ് ബാഗ്ദാദി ഐ.എസിന്റെ നേതാവാകുന്നത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു.