| Tuesday, 24th November 2015, 9:06 am

ഇന്ത്യയെ ആക്രമിക്കാന്‍ അല്‍ ഖയ്ദയ്ക്ക് പാകിസ്ഥാന്‍ ചാരസംഘടനയുടെ സഹായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തീവ്രവാദ സംഘടനയായ അല്‍ഖയ്ദയ്ക്ക് ഇന്ത്യയില്‍ സ്വാധീനമുറപ്പിക്കാന്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ സഹായം ചെയ്‌തേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യയെ ആക്രമിക്കാന്‍ തീവ്രവാദി സംഘടനകളെ ഉപയോഗിക്കുന്നത് പാകിസ്ഥാന്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന രീതിയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ശക്തരായ തീവ്രവാദ സംഘടനകളിലൊന്നായിട്ടും ഇന്ത്യയില്‍ സ്വാധീനമുറപ്പിക്കാന്‍ അല്‍ ഖായ്ദയ്ക്ക് ഇതുവരെ സാധിച്ചിരുന്നില്ല.

ലഷ്‌കര്‍ ഇ തൊയ്ബയുടെയും ഇന്ത്യന്‍ മുജാഹിദീന്റെയും പിന്തുണ വേണം എന്നതാണ് ഇതിന് കാരണം. ഐ.എസ്.ഐയുടെ സഹായമില്ലാതെ ഇതിന് സാധിക്കില്ലെന്നും ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് അല്‍ ഖയ്ദയെ സഹായിക്കാന്‍ ഐ.എസ്.ഐയ്ക്ക് യാതൊരുവിധ മടിയും ഉണ്ടാകില്ലെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

തീവ്രവാദ ശക്തികള്‍ ഇന്ത്യയെ ലക്ഷ്യം വെക്കുന്നുണ്ടെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ഇസിസ് അല്‍ഖായിദ സഖ്യത്തിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തീവ്രവാദി ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ സുപ്രധാന മേഖലകളിലെല്ലാം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതീവ ജാഗ്രത പുലര്‍ത്താന്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

We use cookies to give you the best possible experience. Learn more