ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകരുടെ ഐ.എസ്.ഐ ചാരപ്പണി രാജ്യത്തിന് 3000കോടി നഷ്ടമുണ്ടാക്കിയെന്ന് സമ്മതിച്ച് ബി.ജെ.പി മന്ത്രി
India
ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകരുടെ ഐ.എസ്.ഐ ചാരപ്പണി രാജ്യത്തിന് 3000കോടി നഷ്ടമുണ്ടാക്കിയെന്ന് സമ്മതിച്ച് ബി.ജെ.പി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd March 2017, 12:09 pm

ഭോപ്പാല്‍: പാകിസ്താന്റെ ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന കേസില്‍ ബി.ജെ.പി ഐ.ടി സെല്‍ കണ്‍വീനര്‍ ഉള്‍പ്പെടെ 15 പേര്‍ അറസ്റ്റിലായ സംഭവം മധ്യപ്രദേശ് നിയമസഭയെ ഇളക്കി മറിച്ചു. സഭയിലെ ബഡ്ജറ്റ് സെഷനിടെയാണ് ചാരക്കേസ് ചര്‍ച്ചയായത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ആഭ്യന്തരമന്ത്രി ഒഴിഞ്ഞുമാറി.

അറസ്റ്റിലായവരില്‍ ഭരണകക്ഷിയായ ബി.ജെ.പിയുമായി ബന്ധപ്പെട്ട എത്രപേരുണ്ടെന്ന് ശ്രദ്ധ ക്ഷണിക്കലിനിടെ കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് ചോദിച്ചു. എന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവെന്നും 15 പേര്‍ അറസ്റ്റിലായെന്നുമാണ് ആഭ്യന്തരമന്ത്രി സഭയില്‍ പറഞ്ഞത്.


Don”t Miss: പുനരുദ്ധാരണത്തിന് ശേഷം യേശുക്രിസ്തുവിന്റെ കല്ലറ പൊതുജനങ്ങള്‍ക്കായി തുറക്കുന്നു


മധ്യപ്രദേശ് പോലീസ് ദ്രുതഗതിയില്‍ നടപടിയെടുത്തുവെന്ന് പറഞ്ഞ മന്ത്രി അറസ്റ്റിലായവരുടെ അക്കൗണ്ടുകള്‍ കണ്ടുകെട്ടിയെന്നും പറഞ്ഞു. സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കിയത് ആരാണെന്ന് മനസിലായിട്ടുണ്ടെന്നും നിയമ വിരുദ്ധമായി സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയതിലൂടെ 3,000 കോടി രൂപയാണ് ടെലകോം ഡിപ്പാര്‍ട്ട്‌മെന്റിന് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചതിനും എക്‌സ്‌ചേഞ്ച് ഉണ്ടാക്കിയതിനും പിന്നിലെ ബുദ്ധികേന്ദ്രമായ ആള്‍ അറസ്റ്റിലായോ, അറസ്റ്റിലായവര്‍ എത്രകാലമായി ചാരപ്രവൃത്തി നടത്തുന്നു, അവരുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ എന്താണ്, ഫണ്ട് എവിടെ നിന്ന് ലഭിച്ചു തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ കോണ്‍ഗ്രസ് എം.എല്‍.എ റാംനിവാസ് റാവത് ചോദിച്ചു. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കൊന്നും മന്ത്രിയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല.