| Tuesday, 29th December 2015, 5:59 pm

ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി; മലയാളി വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്‌സര്‍: പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കുറ്റത്തിന് മലയാളിയായ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. രഞ്ജിത്ത് എന്നയാളാണ് ന്യൂദല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് വിഭാഗം  അറസ്റ്റ്  ചെയ്തത്.  ഇതേതുടര്‍ന്ന് ഇയാളെ ഇന്നലെ തന്നെ സര്‍വീസില്‍ നിന്നും പുറത്താക്കി. കഴിഞ്ഞ മൂന്ന് മാസങ്ങളായി പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.

ഇന്തോ-പാക് അതിര്‍ത്തിയിലുള്ള ബത്തിന്‍ഡ എയര്‍ ഫോഴ്‌സ് സ്റ്റേഷനിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ  സ്ത്രീകളെ ഉപയോഗിച്ച് ഐ.എസ്‌ഐ ഇയാളെ സ്വാധീനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെ കുടുക്കിയതാണെന്ന് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ജമ്മുവിലുള്ള ഒരു സ്ത്രീക്കാണ് ഇയാള്‍ സേനയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ കൈമാറിയത്.

സേനയിലെ ലീഡിംഗ് എയര്‍ ക്രാഫ്റ്റ് മാന്‍ ആണ് രഞ്ജിത്ത്. വ്യോമസേനയുടെ വിമാനങ്ങളുടെ സ്ഥാനവും വിശദാംശങ്ങളും ഇയാള്‍ക്ക് അറിയാമായിരുന്നു. സൈനികോദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്ന ചാരശൃംഖല നേരത്തെ ന്യൂദല്‍ഹി ക്രൈംബ്രാഞ്ച് തകര്‍ത്തിരുന്നു. അറസ്റ്റിലായ രഞ്ജിത്തിനെ ന്യൂദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. ഇയാളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

We use cookies to give you the best possible experience. Learn more