Daily News
'ഇനി ഞാന്‍ എങ്ങനെ ജീവിക്കും' മുത്തലാഖ് വിധിയ്ക്കുശേഷം സാമൂഹ്യ ഭ്രഷ്ട് നേരിടുകയാണെന്ന് ഇസ്രത് ജഹാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Sep 07, 07:42 am
Thursday, 7th September 2017, 1:12 pm

ന്യൂദല്‍ഹി: മുത്തലാഖ് വിധി വന്നതിനുശേഷം തന്റെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായെന്ന് സുപ്രീം കോടതിയില്‍ മുത്തലാഖിനെതിരെ ഹര്‍ജി നല്‍കിയവരില്‍ ഒരാളായ ഇസ്രത് ജഹാന്‍. താനിപ്പോള്‍ സാമൂഹ്യ ഭ്രഷ്ട് നേരിടുകയാണെന്നാണ് അവര്‍ പറയുന്നത്.

ഹൗറയിലെ മുസ്‌ലിം ഭൂരിപക്ഷമേഖലയായ പില്‍ഖാനയിലാണ് ഇസ്രത് കഴിയുന്നത്. ഇവിടെ നിന്നും നാടുവിട്ടുപോകാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് അവര്‍ പറയുന്നത്.

അയല്‍വീട്ടിലുള്ളവര്‍ക്ക് വസ്ത്രം തയ്ച്ചു നല്‍കിയും എല്ലാമാസവുംസഹോദരങ്ങള്‍ നല്‍കുന്ന 2000-3000 രൂപയും കൊണ്ടാണ് ഇതുവരെ കഴിഞ്ഞത്. എന്നാലിപ്പോള്‍ ആരും തന്റടുത്തേക്ക് വരുന്നില്ലെന്നാണ് ഇസ്രത് ജഹാന്‍ പറയുന്നത്.

“ആരും എന്റടുത്തേക്ക് വരുന്നില്ല. ഞാന്‍ എങ്ങനെ കുടുംബം പുലര്‍ത്തും?” അവര്‍ ചോദിക്കുന്നു.


Also Read:ആട്ടിറച്ചി കഴിക്കുന്ന ഗണപതി ; ഗ്ലാസ് ഉയര്‍ത്തി ചിയേഴ്‌സ് പറയുന്ന ക്രിസ്തു; പരിപാടിക്കെത്താതെ മുഹമ്മദ്നബി; ഓസ്‌ട്രേലിയന്‍ പരസ്യം മതവികാരം വ്രണപ്പെടുത്തുന്നതെന്ന് മതമൗലികവാദികള്‍


ഇസ്രത്തിനൊപ്പം അവരുടെ നാലുമക്കളില്‍ രണ്ടുപേരുമുണ്ട്. മറ്റു രണ്ടുപേര്‍ മുന്‍ ഭര്‍ത്താവിനൊപ്പം ബീഹാറിലാണ് താമസിക്കുന്നത്. ഒരു ചെറിയ മുറിയും അതിനൊപ്പം തന്നെയുളള അടുക്കളയും അടങ്ങിയവതാണ് ഇവര്‍ മൂന്നുപേര്‍ താമസിക്കുന്ന വീട്. ഈ വീട്ടില്‍ നിന്നും തന്നോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും അവര്‍ പറയുന്നു.

“വീട്ടില്‍ നിന്നും റോഡില്‍ ഇറങ്ങിയാല്‍ ആളുകള്‍ പിറുപിറുക്കാന്‍ തുടങ്ങും. ഞാന്‍ ഇവിടം വിട്ടുപോകണമെന്നാണ് അവര്‍ പറയുന്നത്. ചിലര്‍ എന്നെ സ്വഭാവഹത്യ നടത്തുന്നു. ചിലര്‍ ഞാന്‍ ശരീഅത്ത് നിയമം ലംഘിച്ചെന്നു പറയുന്നു.” ഇസ്രത് പറയുന്നു.

“ഈദ് ദിനത്തില്‍ ആരും തനിക്ക് ആശംസ നേര്‍ന്നില്ലെന്നും ആരും കാണാനെത്തിയില്ല. ബീഹാറിലെ ഉമ്മ മാത്രമാണ് വിളിച്ചത്. ” അവര്‍ പറയുന്നു.

മക്കളെ രണ്ടുപേരെയും സ്‌കൂളില്‍ പറഞ്ഞയക്കണം. എങ്ങനെയാണ് ഫീസ് അടയ്ക്കുകയെന്നാണ് അവര്‍ ചോദിക്കുന്നത്. ” ഇപ്പോള്‍ കുടിവെള്ളം വാങ്ങാന്‍ പോലും വാങ്ങേണ്ട സ്ഥിതിയാണ്. മഴ കാരണം പൈപ്പുകളെല്ലാം തകര്‍ന്നിരിക്കുകയാണ്.” അവര്‍ പറയുന്നു.