ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ
national news
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th September 2022, 8:09 am

ന്യൂദല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന സതീഷ് വര്‍മയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഒരാഴ്ചത്തേക്കാണ് സ്റ്റേ. ജസ്റ്റിസുമാരായ കെ. എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. സര്‍വീസില്‍ നിന്നും തന്നെ പിരിച്ചുവിട്ട ഉത്തരവിനെ ചോദ്യംചെയ്യാനുള്ള സാവകാശമാണ് സതീഷ് വര്‍മക്ക് കോടതി നല്‍കിയിരിക്കുന്നത്.

ഐ.പി.എസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട ഉത്തരവിന്മേലുള്ള സ്റ്റേ ഒരാഴ്ചയ്ക്കപ്പുറം തുടരണമോ എന്ന ചോദ്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിരമിക്കുന്നതിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ഓഗസ്റ്റ് 30നാണ് സതീഷ് വര്‍മയെ പിരിച്ചുവിട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന തരത്തില്‍ മാധ്യമങ്ങളോട് സംസാരിച്ചു എന്നതുള്‍പ്പെടെയുള്ളവയാണ് പിരിച്ചുവിടാനുള്ള കാരണമായി സര്‍ക്കാര്‍ ആരോപിക്കുന്നത്.

2016മുതല്‍ സര്‍ക്കാര്‍ സതീഷ് വര്‍മക്കെതിരായ അച്ചടക്ക നടപടികള്‍ തുടങ്ങിയിരുന്നു. അച്ചടക്ക നടപടിക്കെതിരായ വര്‍മയുടെ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് വരുന്നത്. 2021ല്‍ അച്ചടക്ക നടപടികള്‍ തുടരാന്‍ ഹൈക്കോടതി അനുവദിച്ചെങ്കിലും മറ്റ് നടപടികളുണ്ടാവരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പിന്നീട് അന്വേഷണം പൂര്‍ത്തിയായെന്നും അന്തിമ തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് കോടതി അനുമതി നല്‍കി. എന്നാല്‍ വര്‍മയ്ക്ക് എതിരായാണ് തീരുമാനമെങ്കില്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ ഉത്തരവ് എന്താണോ അത് നടപ്പിലാക്കരുതെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതേദിവസം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിടല്‍ ഉത്തരവ് പുറപ്പെടുവിച്ചതും.

വര്‍മക്ക് നിയമവഴി തേടാന്‍ അവസരം നല്‍കി ഉത്തരവ് നടപ്പാക്കുന്നത് സെപ്റ്റംബര്‍ 19 വരെ നീട്ടിവെയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ സതീഷ് വര്‍മ സുപ്രീംകോടതിയെ സമീപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സതീഷ് വര്‍മയ്ക്കായി കോടതിയില്‍ ഹാജരായത്. കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ഹാജരായി.

2004 ജൂണ്‍ 15നായിരുന്നു ഇസ്രത്ത് ജഹാന്‍ എന്ന 19 വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിയുള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. ഗുജറാത്തില്‍ വെച്ചായിരുന്നു സംഭവം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നുവെന്നും ഇസ്രത്ത് ജഹാനുള്‍പ്പെടെ നാലുപേരും ലഷ്‌കര്‍-ഇ-ത്വയിബ ഭീകരരുമാണെന്ന് ആരോപിച്ചായിരുന്നു അന്ന് പൊലീസ് ഇവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.

ഇതിന് പിന്നാലെ അന്ന് ഗുജറാത്ത് ഹൈക്കോടതി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സതീഷ് വര്‍മ.

Content Highlight: Ishrat Jahan fake encounter case: Govt action on dismissal of investigating officer stayed