അഹമ്മദാബാദ്: ഇശ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥരായ ഡി.ജി വന്‍സാരയെയും എന്‍.കെ അമിനെയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന് ഗുജറാത്തിലെ പ്രത്യേക സി.ബി.ഐ കോടതി. മുന്‍ ഡി.ജി.പി പി.പി പാണ്ഡെയെ കേസില്‍ നിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി ഇരുവരും നല്‍കിയ ഹരജിയാണ് കോടതി നിഷേധിച്ചത്.
ഇശ്രത് കേസില്‍ പാണ്ഡെയെക്കാള്‍ ഗുരുതരമായ ആരോപണമാണ് ഇരുവര്‍ക്കുമെതിരെയുള്ളതെന്ന് കോടതി പറഞ്ഞു. പ്രത്യേക ജഡ്ജി ജെ.കെ പാണ്ഡ്യയാണ് ഉത്തരവിട്ടത്.
വന്‍സാര മുന്‍ ഐ.ജിയും അമിന്‍ പൊലീസ് സുപ്രണ്ടുമായിരുന്നു. ഇരുവരുടെയും ഹരജിക്കെതിരെ ഇശ്രതിന്റെ മാതാവ് ഷമീം കൗസര്‍ കോടതിയെ സമീപിച്ചിരുന്നു. ഏറ്റുമുട്ടല്‍ കൊലപാതകത്തിന് മുഖ്യ ആസൂത്രണം വഹിച്ചത് വന്‍സാരെയാണെന്ന് അവര്‍ കോടതിയില്‍ പറഞ്ഞിരുന്നു.
കേസില്‍ ഈ രണ്ട് ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതുണ്ടോയെന്ന് കോടതി സി.ബി.ഐയോട് ചോദിച്ചു. സി.ആര്‍.പി.സി 197 പ്രകാരം സി.ബി.ഐക്ക് ഗുജറാത്ത് സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ അറിയിക്കണമെന്നും കോടതി പറഞ്ഞു.
കേസില്‍ ഏഴ് പൊലീസുകാരും നാല് ഐ.ബി ഉദ്യോഗസ്ഥരുമാണ് പ്രതികളായുള്ളത്. ഇതില്‍ ഐ.ബി ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ സി.ബി.ഐ ആഭ്യന്തരമന്ത്രാലയത്തോട് അനുമതി ചോദിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.
കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് വന്‍സാര നല്‍കിയ ഹരജിയില്‍ സി.ബി.ഐ കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണെന്നും ഗുജറാത്ത് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് യു.പി.എ കാലത്ത് ആസൂത്രണം ചെയ്തതാണെന്നും ആരോപിച്ചിരുന്നു.
2004 ജൂണ്‍ 15നാണ് മലയാളിയായ പ്രാണേഷ് കുമാര്‍ പിള്ള എന്ന ജാവേദ് ശൈഖും മുംബൈയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ഇശ്രത് ജഹാനുമടക്കം നാലുപേര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്.