ഗാന്ധിനഗര്‍: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗുജറാത്ത് പൊലീസ് മേധാവി പി.പി പാണ്ഡെ രാജിവെച്ചു. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന സുപ്രീം കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് പാണ്ഡെയുടെ രാജി. പാണ്ഡെ സ്വയം രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാന്‍ ഉത്തരവിടേണ്ടിവരുമെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞിരുന്നത്.
2004ലെ ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്നയാളാണ് പി.പി പാണ്ഡെ. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഡി.ജി.പിയായി സംസ്ഥാന സര്‍ക്കാര്‍ ഇദേഹത്തെ നിയമിക്കുന്നത്. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി രാജിവെക്കണമെന്ന് വ്യക്തമാക്കിയത്.
ഹര്‍ജി പരിഗണിക്കവേ പാണ്ഡെ രാജിവെക്കാന്‍ സന്നദ്ധനാണെന്നും എത്രയും പെട്ടെന്ന് തന്നെ രാജി ഉണ്ടാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് രാജിയുണ്ടായത്.
പാണ്ഡെയെ ഡി.ജി.പിയായി നിയമിക്കുമ്പോള്‍ അദ്ദേഹത്തിന് താത്കാലിക ചുമതലയാണ് നല്‍കുന്നതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജനുവരിയില്‍ കാലാവധി പൂര്‍ത്തിയായിട്ടും അദ്ദേഹം തന്നെ പോലീസ് മേധാവി സ്ഥാനത്ത് തുടരുകയായിരുന്നു. ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ് പാണ്ഡെ രാജി വെച്ചിരിക്കുന്നത്.
2004ലുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ 19കാരിയായ ഇശ്റത്ത് ജഹാനുള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടിരുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലശ്കര്‍ ഭീകരരെന്ന് ആരോപിച്ചായിരുന്നു പോലീസ് ഇവരെ വെടിവെച്ച് കൊലപ്പെടുത്തിയത്. സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ ഗൂഢാലോചന, അനധികൃതമായി തടഞ്ഞുവെക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് പാണ്ഡെക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ ഇനിയും വിചാരണ പൂര്‍ത്തിയായിട്ടില്ല.
നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് പോലീസ് മേധാവി സ്ഥാനം വഹിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ജൂലിയോ റിബൈറോ എന്നയളാണ് സുപ്രീം കോടതിയെ സമീപിച്ചത്.