അഹമ്മദാബാദ്: ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ ആരോപണത്തിന്റെ നിഴലില്‍ നിന്ന ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണയില്ലാതെ അവസാനിപ്പിക്കാന്‍ സി.ബി.ഐ. കേസില്‍ സുപ്രധാന പ്രതികളായ ഗുജറാത്തിലെ മുന്‍ പൊലീസ് ഓഫീസര്‍ ഡി.ജി വന്‍സാര, നരേന്ദ്ര അമിന്‍ എന്നിവരെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ് ‘അംഗീകരിക്കുകയാണ്’ എന്ന് സി.ബി.ഐ വ്യാഴാഴ്ച പ്രത്യേക വിചാരണ കോടതിയെ അറിയിച്ചു.
ഗുജറാത്ത് പൊലീസിലേയും ഇന്റലിജന്‍സ് ബ്യൂറോയിലേയും ഉദ്യോഗസ്ഥര്‍ നടത്തിയ വ്യാജ ഏറ്റുമുട്ടലാണ് ഇസ്രത്ത് ജഹാനേയും മറ്റ് മൂന്നുപേരേയും കൊലപ്പെടുത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് ആറുവര്‍ഷം മുമ്പാണ് സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇതില്‍ വിചാരണയില്ലാതെ കേസ് അവസാനിപ്പിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
ക്രിമിനല്‍ നിയമ നടപടിയിലെ സെക്ഷന്‍ 197 പ്രകാരം വന്‍സാരയേയും നരേന്ദ്ര അമിനേയും വിചാരണ ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇരുവരേയും കുറ്റവിമുക്തരാക്കിയിരുന്നത്. കോടതിയുടെ ഈ നടപടിയെ അംഗീകരിച്ചിരിക്കുന്നുവെന്നാണ് സി.ബി.ഐ വ്യാഴാഴ്ച അറിയിച്ചത്.
ഇതോടെ കേസിലെ മറ്റ് നാലു പ്രതികളായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജി.എല്‍ സിംഗാള്‍, വിരമിച്ച ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തരുണ്‍ ബറോട്ട്, ജെ.ജി പാര്‍മര്‍, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനജു ചൗധരി എന്നിവര്‍ക്കെതിരെയുള്ള നടപടിക്രമങ്ങളും ഒഴിവാകും. ഇത് കേസ് വിചാരണയില്ലാതെ അവസാനിപ്പിക്കുന്നതിനു വഴിവെക്കും.
വ്യാഴാഴ്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.സി കൊടേക്കറാണ് സി.ബി.ഐ ജഡ്ജി ആര്‍.കെ ചുദാവാലയെ സി.ബി.ഐയുടെ നിലപാട് വാക്കാല്‍ അറിയിച്ചത്. ‘ ഈ കോടതി പുറപ്പെടുവിച്ച ഉത്തരവ് അന്വേഷണ ഏജന്‍സി അംഗീകരിക്കുന്ു.’ എന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാല്‍ ഇത് രേഖാമൂലം അറിയിക്കാന്‍ കോടതി ആവശ്യപ്പെടുകയും സി.ബി.ഐ ഒരുപേജ് കുറിപ്പിലൂടെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു.
നേരത്തെ, വന്‍സാരയ്ക്കും നരേന്ദ്ര അമിനും എതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാനുള്ള തെളിവുണ്ടെന്ന് പ്രത്യേക കോടതി വ്യക്തമാക്കിയിരുന്നു.
2013 ജൂലൈ 3ലാണ് ഇസ്രത് ജഹാന്‍ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. 2004 ജൂണ്‍ 14നായിരുന്നു ഇസ്രത്ത് ജഹാനും, സുഹൃത്തായ ജാവേദ് ഷെയ്ക്ക് എന്ന പ്രാണേഷ് പിള്ളയും രണ്ട് പാക്കിസ്ഥാനി സ്വദേശികളും കൊല്ലപ്പെട്ടത്.
ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പുറമേ നാല് ഐ.ബി ഉദ്യോഗസ്ഥരുടെ പേരുകളും കുറ്റപത്രത്തിലുണ്ടായിരുന്നു.