| Thursday, 2nd May 2019, 2:16 pm

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്; മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരായ ഡി.ജി വന്‍സാര, എന്‍.കെ അമിന്‍ എന്നിവരെ വെറുതെ വിട്ടു. ഇരുവര്‍ക്കുമെതിരായ കുറ്റങ്ങള്‍ റദ്ദാക്കിയ സി.ബി.ഐ കോടതി കേസുമായി ബന്ധപ്പെട്ട് എല്ലാ ശിക്ഷാ നടപടികളും നിര്‍ത്തിവെക്കാനും ഉത്തരവിട്ടു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ഐ.ജി വന്‍സാരയും എസ്.പി അമിനും നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

ഇസ്രത് ജഹാന്റെ മാതാവ് ശമീമ കൗസറിന്റെ വാദം അംഗീകരിക്കാതെയായിരുന്നു കോടതിയുടെ ഉത്തരവ്. വന്‍സാരയെയും അമിനേയും കുറ്റ വിമുക്തരാക്കുന്നത് നീതിക്ക് നിരക്കാത്തതും വസ്തുതകളെ വളച്ചൊടിക്കലുമാണെന്നായിരുന്നു ശമീമ കൗസറിന്റെ വാദം.

ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവനായിരുന്നു വന്‍സാര. അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്നയാള്‍ ആയിരുന്നു എന്‍.കെ അമിന്‍. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് കോടതി കേസ് ഉപേക്ഷിച്ചത്.

2004 ജൂണ്‍ 15 നാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയവരെന്നാരോപിച്ച് ഇസ്രത്ത് ജഹാനും പ്രാണേഷ് പിള്ളയുമടക്കം നാല് പേരെ പോലീസ് വ്യാജ ഏറ്റുമുട്ടിലില്‍ വധിച്ചത്. അഹമ്മദാബാദിലെ പ്രാന്തപ്രദേശത്ത് വച്ചാണ് പൊലീസ് സംഘം 19കാരിയായ ഇസ്രത് ജഹാനെ വെടിവെച്ച് കൊന്നത്.

We use cookies to give you the best possible experience. Learn more