29 രാത്രികളില്‍ പിറന്ന 'ഇഷ്‌ക്'
Malayalam Cinema
29 രാത്രികളില്‍ പിറന്ന 'ഇഷ്‌ക്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th May 2019, 11:28 pm

പുതുവര്‍ഷത്തിലടക്കം 29 രാത്രികള്‍. ഇന്നു തിയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടാന്‍ ഇഷ്‌കിനെ പ്രാപ്തമാക്കിയത് ഈ രാത്രികളാണ്. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക് എന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത് രാത്രികാലങ്ങളിലാണ്. അതും തുടര്‍ച്ചയായ 29 ദിവസങ്ങള്‍. അതില്‍ ഈ പുതുവര്‍ഷവും ഉള്‍പ്പെടും.

രാത്രിയില്‍ കാമുകിയായ വസുധയെ വിളിക്കുന്ന സച്ചിയില്‍ക്കൂടിയാണ് സിനിമ തുടങ്ങുന്നതു തന്നെ. പിന്നെ മുന്നോട്ടുപോകുമ്പോള്‍ സിനിമയുടെ മര്‍മ്മഭാഗം രാത്രികാലത്താണു സംഭവിക്കുന്നതെന്നു മനസ്സിലാകും. അതും ഇന്റര്‍വെല്ലിനു മുന്‍പുള്ള ഭൂരിഭാഗം സമയവും ആ രംഗത്തിലാണിരിക്കുന്നതും.

സിനിമയുടെ കഥപറച്ചിലിന് മറ്റെന്തിനേക്കാളും പ്രാധാന്യം രാത്രികളായിരുന്നുവെന്നതാണ് ഇതിനു കാരണം. സിനിമ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിനും ഈ രാത്രികള്‍ വളരെ പ്രധാനപ്പെട്ടതാണ്. പകല്‍ ഷൂട്ട് ചെയ്ത ദിവസങ്ങള്‍ വളരെക്കുറച്ച് മാത്രമാണുള്ളത്.

ആദ്യ നാലു രാത്രികളില്‍ മാത്രമേ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നുള്ളൂവെന്നും ഒരു ടീം വര്‍ക്ക് ആയതിനാലും എല്ലാവരും സൗഹൃദത്തില്‍ മുന്‍പോട്ടു പോകുന്നതുകൊണ്ടും പിന്നീട് കുറച്ചുകൂടി എളുപ്പമായെന്നും സംവിധായകന്‍ അനുരാജ് മനോഹര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഈ പുതുവര്‍ഷത്തിലും രാത്രിയിലായിരുന്നു ഷൂട്ടിങ്. ഒരുപക്ഷേ ആശുപത്രിയിലായിരുന്നു എന്നു പറയുന്നതാകും കൂടുതല്‍ ഉചിതം. അന്നു രാത്രി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെയ്ന്‍ നിഗം ബോധംകെട്ടു വീണതും തുടര്‍ന്ന് അന്നത്തെ രാത്രിയും പുതുവര്‍ഷവുമൊക്കെ ഇഷ്‌ക് ടീം ആഘോഷിച്ചത് ആശുപത്രിയിലാണെന്നതുമൊക്കെ തുടര്‍ച്ചയായ രാത്രികാല ഷൂട്ടിങ്ങിന്റെ കഷ്ടപ്പാട് വ്യക്തമാക്കുന്നതാണ്.

രതീഷ് രവിയുടെ തിരക്കഥയെഴുതിയ ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. ആദ്യഘട്ട പ്രതികരണങ്ങളൊക്കെ സിനിമയ്ക്ക് അനുകൂലമാണ്. സദാചാരത്തിനും ആണത്തബോധത്തിനുമൊക്കെയുള്ള അടിയായാണ് സിനിമ സാമൂഹികമാധ്യമങ്ങളില്‍ വിലയിരുത്തപ്പെടുന്നത്. വസുധയെന്ന പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചത് ആന്‍ ശീതളാണ്. സച്ചിയെ അവതരിപ്പിച്ചത് ഷെയ്‌നും. ഷൈന്‍ ടോം ചാക്കോ, ലിയോണ, ജാഫര്‍ ഇടുക്കി തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.