വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തമ്മിലുള്ള സൗഹൃദവും അവർ ഒന്നിച്ചെടുക്കുന്ന സിനിമയുടെ വിശേഷങ്ങളും ഇൻഡസ്ട്രിയിൽ ചർച്ചയാകാറുണ്ട്. അവരുടെ പല സിനിമകളിലെയും സീനുകൾ റിയൽ ലൈഫ് സംഭവങ്ങൾ അടിസ്ഥാനപ്പെടുത്തി എടുക്കാറുള്ളതാണെന്ന് പല ഇന്റർവ്യൂകളിലും പറയാറുമുണ്ട്.
ഇവർ ഒന്നിച്ച് തിരക്കഥയെഴുതിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തിന്റെ അച്ഛന് ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ജയസൂര്യയുടെ ക്യാരക്ടർ ബില്ലടച്ചു എന്ന് പറഞ്ഞ് വരുന്നുണ്ട്. പൈസ കൂട്ടി പറയുമ്പോൾ നീ കേറ്റി വെക്കല്ലേ എന്ന് പൃഥ്വിരാജിന്റെ കഥാപാത്രം തിരിച്ചുപറയുന്നുണ്ട്. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സീനായിരുന്നു ഇത്.
ഈ സീൻ യഥാർത്ഥത്തിൽ ബിബിന്റെയും വിഷ്ണുവിന്റെയും ലൈഫിൽ സംഭവിച്ചതാണെന്ന് പറയുകയാണ് വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വിഷ്ണു.
‘ബിബിന്റെ അച്ഛന് ഒരിക്കൽ ആക്‌സിഡന്റ് പറ്റിയിട്ട് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബിബിനും അപ്പച്ചനും കൂടെ സ്കൂട്ടറിൽ വരുമ്പോൾ ഇടക്ക് വീണു, അപ്പോൾ തന്നെ ഇവരെ രണ്ടുവണ്ടികളിലാക്കി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ബിബിൻ ഏതോ വണ്ടിയിൽ അപ്പച്ചനെ മറ്റൊരു വണ്ടിയിൽ.
പോണപോക്കിൽ ബിബിൻ എന്നെ വിളിച്ചു, എന്നിട്ട് പറഞ്ഞു ഞങ്ങൾക്ക് ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിലേക്ക് പോയികൊണ്ടിരിക്കുകയാണ്. നിങ്ങൾ പെട്ടെന്ന് വരണമെന്ന് പറഞ്ഞു. അന്നേരം വണ്ടി ഓടിക്കുന്ന ആളോട് അവൻ ചോദിക്കുന്നുണ്ട്, എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നൊക്കെ. അപ്പോൾ തന്നെ ഞാൻ ഞങ്ങളുടെ വേറെ ഒരു കൂട്ടുകാരൻ റിഥിനെ വിളിച്ചു. ഞാനും റിഥിനും കൂടെ വേഗം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് പോയി.
ബിബിനും അപ്പച്ചനും ആകെ ടെൻഷനിൽ നിൽക്കുകയായിരുന്നു. അപ്പച്ചന്റെ നെറ്റിയൊക്കെ പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ബില്ലടച്ചിട്ട് വരാൻ പറഞ്ഞു ബില്ലൊക്കെ തന്നു. അങ്ങനെ റിഥിൻ പോയി ബില്ലടച്ചിട്ടു വന്നു. അപ്പോഴേക്കും അവർക്ക് വലിയ കുഴപ്പമില്ലെന്ന് മനസിലായി. ചെറുതായി തൊലിയൊക്കെ പോയിട്ടേ ഉള്ളൂ. ഞങ്ങളൊന്ന് കൂളായി, എന്ന വാ ചായകുടിക്കാൻ എന്നും പറഞ്ഞ് ഞാനും ബിബിനും റിഥിനും ചായകുടിക്കാൻ ഇരുന്നു. അപ്പോൾ റിഥിൻ പറഞ്ഞു എടാ.. ബില്ല് അടച്ചിട്ടുണ്ട്.
എത്ര ആയി എന്ന് ചോദിച്ചപ്പോൾ ആറായിരം രൂപയായെന്ന് പറഞ്ഞു. അത് കേട്ടതും ഞങ്ങൾ പറഞ്ഞു, ഇറക്കി പറ കേറ്റി വെക്കല്ലേ എന്ന്. ഈ സാധനമാണ് അമർ അക്ബർ അന്തോണിയിൽ ഉപയോഗിച്ചത്. റിഥിനപ്പോൾ ട്രാവൽ ഇൻഷുറൻസും പരിപാടിയുമൊക്കെയാണ് ചെയ്യുന്നത്. അവൻ ഫുൾ കമ്മീഷനടിക്കാരനാണെന്നും പറഞ്ഞ് കളിയാക്കുമായിരുന്നു. ഇത് പോലെ കുറെ സീനുകൾ നടന്നിട്ടുള്ള കാര്യങ്ങളാണ്,’ വിഷ്ണു പറഞ്ഞു.
കോക്കഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ആര്‍ പ്രവീണ്‍ സംവിധാനം ചെയ്യുന്ന കുറിയാണ് വിഷ്ണുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സന്തോഷ് സി. പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
Content Highlight: Vishnu Unnikrishnan says that one of the scene in the movie Amar Akbar Anthony was real incident