| Tuesday, 19th November 2019, 2:47 pm

'പരീക്ഷകള്‍ പ്രഖ്യാപിച്ച് സമരം പൊളിക്കാന്‍ അനുവദിക്കില്ല'; ജെ.എന്‍.യു വൈസ് ചാന്‍സിലര്‍ രാജി വെക്കണമെന്നും ഐഷി ഘോഷ് 

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് പൂര്‍ണ്ണമായും പിന്‍വലിച്ചാല്‍ മാത്രമെ ക്ലാസ് പുനരാരംഭിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ്. പരീക്ഷകള്‍ നേരത്തെ പ്രഖ്യാപിച്ച് സമരം പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഐഷി ഘോഷ് പ്രതികരിച്ചു.

‘ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ഇന്നലെ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് പറയാന്‍ പ്രസ് കോണ്‍ഫറന്‍സ് വിളിക്കും. ഫീസ് വര്‍ധനവ് പൂര്‍ണ്ണമായും പിന്‍വലിച്ചാല്‍ മാത്രമെ ജെ.എന്‍.യുവില്‍ ക്ലാസ് പുനരാരംഭിക്കാന്‍ അനുവദിക്കുകയുള്ളു. ഈ വൈസ് ചാന്‍സിലര്‍ എന്തിനാണ്. വൈസ് ചാന്‍സിലര്‍ രാജി വെക്കണമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യം. വൈസ് ചാന്‍ലസിലര്‍ കാരണമാണ് ഇത് മുഴുവന്‍ സംഭവിച്ചത്.’ ഐഷി ഘോഷ് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുകയെന്ന ആവശ്യം ഉയര്‍ത്തി ഇന്നലെ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് സംഘര്‍ഷത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ജെ.എന്‍.യുവിലെ ഹോസ്റ്റല്‍ ഫീസില്‍ മൂപ്പത് ഇരട്ടിയുടെ വര്‍ധനവ് ഉണ്ടായതോടെയാണ് യൂണിവേഴ്‌സിറ്റില്‍ പ്രതിഷേധം ആരംഭിച്ചത്.

വിഷയം പ്രതിപക്ഷ എം.പിമാര്‍ രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് സി.പി.ഐ രാജ്യസഭാ എം.പി ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു.

അതോടൊപ്പം ആര്‍.എസ്.പിയും മുസ്‌ലീം ലീഗും തൃണമൂല്‍ കോണ്‍ഗ്രസും ലോക്‌സഭയില്‍ ജെ.എന്‍.യു വിഷയത്തില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്.

വിഷയത്തില്‍ നേരത്തെ ജെ.എന്‍.യു വി.സി രമേഷ് കുമാറിനെ തള്ളി വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് അധ്യാപകര്‍ രംഗത്തെത്തിയിരുന്നു.

കാഴ്ചയില്ലാത്തവരും ഭിന്നശേഷിക്കാരുമായ വിദ്യാര്‍ത്ഥികളെ പോലും പൊലീസ് മര്‍ദ്ദനത്തില്‍ നിന്നും ഒഴിവാക്കിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്നും അധ്യാപകര്‍ ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more