| Tuesday, 28th March 2023, 3:28 pm

വീഡിയോ: ഗ്രൗണ്ടില്‍ മറ്റൊരു ജീവന്‍ കൂടി പൊലിഞ്ഞെന്ന് കരുതിയ നിമിഷം; 150 കിലോമീറ്റര്‍ വേഗത്തെ തടയാന്‍ ഹെല്‍മെറ്റ് പോരാതെ വന്നപ്പോള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫില്‍ ഹ്യൂഗ്‌സ് എന്ന പേര് ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കില്ല. ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് പന്ത് തലയിലടിച്ച് ജീവിതത്തിന്റെ ഇന്നിങ്‌സിനോട് തന്നെ വിടപറയേണ്ടി വന്ന ആ ഓസീസ് താരം എന്നും ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഉണങ്ങാത്ത മുറിവായി തുടരും.

ക്രിക്കറ്റ് ഗ്രൗണ്ടില്‍ അതിന് സമാനമായ ഒരു അപകടമായിരുന്നു കഴിഞ്ഞ ദിവസം സഭവിച്ചത്. എന്നാല്‍ ഭാഗ്യവശാല്‍ മറ്റൊരു ഫില്‍ ഹ്യൂഗ്‌സ് ആവര്‍ത്തിച്ചില്ല എന്ന് മാത്രം. കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ ഡെഡ് റബ്ബര്‍ മാച്ചിലായിരുന്നു ക്രിക്കറ്റ് ലോകത്തെ അന്ധാളിപ്പിച്ച ആ സംഭവം നടന്നത്.

അഫ്ഗാനിസ്ഥാന്‍ ഇന്നിങ്‌സിന്റെ 11ാം ഓവറിലായിരുന്നു സംഭവം. പാകിസ്ഥാന്റെ സ്റ്റാര്‍ പേസര്‍ ഇഷാനുള്ള എറിഞ്ഞ ഡെലിവറി അഫ്ഗാന്‍ സൂപ്പര്‍ താരം നജിബുള്ള സദ്രാന്റെ കഴുത്തിന് മുകളില്‍ കൊള്ളുകയായിരുന്നു.

നാലാം വിക്കറ്റായി മടങ്ങിയ സൂപ്പര്‍ താരം മുഹമ്മദ് നബിക്ക് പകരക്കാരനായി ക്രീസിലെത്തിയ ശേഷം നേരിട്ട ആദ്യ പന്തില്‍ തന്നെയായിരുന്നു ഈ അത്യാഹിതം. 150 കിലോമീറ്റര്‍ വേഗത്തില്‍ മൂളിയെത്തിയ ഇഷാനുള്ളയുടെ കില്ലര്‍ ബൗണ്‍സര്‍ സദ്രാന്റെ കഴുത്തിന് മുകളില്‍ കൊണ്ട് ചോര വരികയായിരുന്നു.

സംഭവത്തിന് പിന്നാലെ അമ്പയറും പാകിസ്ഥാന്‍ താരങ്ങളും സദ്രാന്റെ അടുക്കലേക്ക് ഓടിയെത്തുകയും പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍ താരത്തിന് കാര്യമായ അപകടങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും റിട്ടയര്‍ഡ് ഹര്‍ട്ടായി സദ്രാന്‍ മടങ്ങി.

അതേസമയം, മത്സരത്തില്‍ പാകിസ്ഥാന്‍ 66 റണ്‍സിന് വിജയിച്ചിരുന്നു. നേരത്തെ പരമ്പര നഷ്ടമായ പാകിസ്ഥാന്‍ മുഖം രക്ഷിക്കാനെങ്കിലും വിജയിച്ചേ മതിയാകൂ എന്ന തീരുമാനത്തിലാണ് കളത്തിലിറങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടിയിരുന്നു. 49 റണ്‍സ് നേടിയ സിയാം അയ്യൂബിന്റെയും 31 റണ്‍സ് നേടിയ ഇഫ്തിഖര്‍ അഹമ്മദിന്റെയും ഇന്നിങ്സാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്.

മൂന്നാം മത്സരത്തിലും പാകിസ്ഥാനെ തറപറ്റിച്ച് പരമ്പര വൈറ്റ് വാഷ് ചെയ്യാം എന്ന അഫ്ഗാന്‍ മോഹങ്ങള്‍ക്ക് മുമ്പില്‍ വിലങ്ങുതടിയായത് ഷദാബ് ഖാനായിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ് കേവലം 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ഷദാബ് വീഴ്ത്തിയത്. ഷദാബ് ഖാന് പുറമെ ഇഷാനുള്ളയും മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇരുവരുടെയും മികച്ച ബൗളിങ്ങില്‍ അഫ്ഗാനിസ്ഥാന്‍ 18.4 ഓവറില്‍ 116ന് ഓള്‍ ഔട്ടായി. അവസാന മത്സരം തോറ്റെങ്കിലും 2-1 എന്ന നിലയില്‍ പാകിസ്ഥാനെതിരെ ഐതിഹാസിക പരമ്പര വിജയം സ്വന്തമാക്കാനും അഫ്ഗാനിസ്ഥാനായി.

ഈ പരമ്പരയില്‍ വെച്ചാണ് പാകിസ്ഥാന്‍ ആദ്യമായി ടി-20യില്‍ അഫ്ഗാനോട് പരാജയപ്പെടുന്നത്. രണ്ടാം മത്സരത്തിലും പാകിസ്ഥാനെ തോല്‍പിച്ചതോടെ അഫ്ഗാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന നേട്ടവുമായി ഇത് മാറി.

Content Highlight: Ishanullah’s bouncer hits Najibullah Zadran’s neck

We use cookies to give you the best possible experience. Learn more