ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ സൂപ്പര്‍ താരങ്ങളില്‍ പ്രധാനിയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും താരം ഇന്ത്യക്ക് ഒരു മാച്ച് വിന്നര്‍ തന്നെയായിരുന്നു പന്ത്. എന്നാല്‍ ആ വര്‍ഷം ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. കാര്‍ ആക്‌സിഡന്റിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ദീര്‍ഘനാളായി ഗ്രൗണ്ടിലിറങ്ങാന്‍ സാധിക്കാത്തത്.
ക്രിക്കറ്റ് ഫീല്‍ഡിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഇനിയും നീളുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അടുത്ത വര്‍ഷത്തെ ഐ.പി.എല്ലിലടക്കം അദ്ദേഹം കളിച്ചേക്കില്ല. അങ്ങനെയാണെങ്കില്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പിലും അദ്ദേഹത്തിന് ഇന്ത്യക്കായി കളിക്കാന്‍ സാധിക്കില്ല.
വെറ്ററന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത്. നേരത്തെ പന്ത് ബാറ്റിങ്ങും കീപ്പിങ്ങും ആരംഭിച്ചതായി ബി.സി.സി.ഐ അറിയിച്ചിരുന്നു. എന്നാല്‍ അതില്‍ കൂടുതല്‍ വ്യക്തത തരുന്ന രീതിയിലാണ് ഇപ്പോള്‍ ഇഷാന്ത് സംസാരിച്ചത്.
ഇന്ത്യന്‍ ടീമിലും ഐ.പി.എല്ലില്‍ ദല്‍ഹിയിലും പന്തിനൊപ്പം കളിച്ചിട്ടുള്ള ഇഷാന്ത്, പന്തിന്റെ റിക്കവറി ഒരു നീണ്ട പ്രക്രിയയായിരിക്കുമെന്ന് വിശ്വസിക്കുന്നു.
‘അടുത്ത ഐ.പി.എല്ലിലും റിഷബ് പന്തിനെ കാണാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു, കാരണം ഇത് ഒരു ചെറിയ പരിക്ക് അല്ല. അത് ഗുരുതരമായ ഒരു അപകടമായിരുന്നു. അവന്‍ ബാറ്റിങ്ങും വിക്കറ്റ് കീപ്പിങ്ങും ആരംഭിച്ചു, അതിനുശേഷം ഓടാനും തുടങ്ങി, എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററിന് എളുപ്പമല്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്,’ ജിയോ സിനിമയിലെ ഒരു ചര്‍ച്ചക്കിടെ ഇഷാന്ത് പറഞ്ഞു.
ലോകകപ്പില്‍ പന്തിന്റെ പങ്കാളിത്തം നഷ്ടമാകുമെങ്കിലും, ഐ.പി.എല്ലിനായി അദ്ദേഹത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇഷാന്ത്.
”അദ്ദേഹത്തിന് രണ്ടാമത്തെ ശസ്ത്രക്രിയ നടന്നില്ല എന്നതാണ് നല്ല കാര്യം. അദ്ദേഹത്തിന് ഇപ്പോള്‍ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു, പക്ഷേ അദ്ദേഹം ലോകകപ്പിന് യോഗ്യനാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഐ.പി.എല്ലിലേക്ക് പന്ത് ഫിറ്റ്‌നസ് നേടിയാല്‍ അത് മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഇഷാന്ത് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നായിരുന്നു അദ്ദേഹത്തിന് കാര്‍ ആക്‌സിഡന്റ് സംഭവിക്കുന്നത്. ന്യൂ ഇയര്‍ അമ്മയുമായി ആഘോഷിക്കാന്‍ പോകുകയായിരുന്നു അദ്ദേഹം. ജീവിച്ചിരുക്കുന്നത് തന്നെ വലിയ കാര്യമെന്നായിരുന്നു അദ്ദേഹം ആക്‌സിഡന്റിന് ശേഷം പറഞ്ഞത്.
Content Highlight: Ishant Sharma Says Rishab Pant might not be Back till next IPl