ഐ.പി.എല്‍ 2023 പല സൂപ്പര്‍ താരങ്ങളുടെയും തിരിച്ചുവരവിനാണ് സാക്ഷ്യം വഹിക്കുന്നത്. ഫോം ഔട്ടില്‍ നിന്നും പല താരങ്ങളും ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍, ആരാധകരും ക്രിക്കറ്റ് ലോകവും കരിയര്‍ എന്‍ഡ് എന്ന് വിധിയെഴുതിയ താരങ്ങള്‍ ഒരിക്കല്‍ക്കൂടി 22 യാര്‍ഡ്‌സില്‍ വിസ്മയം തീര്‍ക്കുന്നതിന് സാക്ഷിയാകാനും ഐ.പി.എല്‍ 2023ന് ഭാഗ്യം ലഭിച്ചിരുന്നു.
അത്തരത്തില്‍ ഒരു താരത്തിന്റെ മടങ്ങിവരവിനാണ് കഴിഞ്ഞ ദിവസം ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മോശം ഫോമിന്റെ പേരില്‍ 2022 മെഗാലേലത്തില്‍ അണ്‍സോള്‍ഡായ ഇഷാന്ത് ശര്‍മ മടങ്ങി വരവില്‍ വിസ്മയം തീര്‍ക്കുകയാണ്.
ഈ സീസണില്‍ ഒരിക്കല്‍ പോലും വിജയം രുചിക്കാതിരുന്ന ദല്‍ഹി ക്യാപ്പിറ്റല്‍സിന് ഒടുവില്‍ വിജയത്തിനായി ഇന്ത്യയുടെ ആ പഴയ ബ്രഹ്‌മാസ്ത്രം തന്നെ വേണ്ടി വന്നിരിക്കുകയാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 19 റണ്‍സാണ് ഇഷാന്ത് ശര്‍മ വഴങ്ങിയത്. ഒപ്പം റൈഡേഴ്‌സിന്റെ ക്യാപ്റ്റനെയടക്കം രണ്ട് പേരെ മടക്കുകയും ചെയ്തു.
ഏഴ് പന്തില്‍ നിന്നും നാല് റണ്‍സ് നേടി നില്‍ക്കവെയാണ് ക്യാപ്റ്റന്‍ നിതീഷ് റാണയെ ഇഷാന്ത് ശര്‍മ മടക്കുന്നത്. ആറാം ഓവറിന്റെ രണ്ടാം പന്തില്‍ മുകേഷ് കുമാറിന്റെ കൈകളിലെത്തിച്ചാണ് ഇഷാന്ത് തുടങ്ങിയത്.
വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം സുനില്‍ നരെയ്‌നായിരുന്നു ഇഷാന്തിന്റെ അടുത്ത ഇര. 12ാം ഓവറിലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെ കൈകളിലെത്തിച്ചാണ് നരെയ്‌നെ പുറത്താക്കിയത്.
4 – 0- 19 – 2 എന്ന മാസ്മരിക പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും ഇഷാന്ത് ശര്‍മയെ തന്നെയായിരുന്നു.
കഴിഞ്ഞ സീസണില്‍ അണ്‍ സോള്‍ഡായ ഇഷാന്ത് ശര്‍മക്ക് തൊട്ടുമുമ്പുള്ള സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.
ഐ.പി.എല്‍ 2021ല്‍ വെറും മൂന്ന് മത്സരമാണ് ഇഷാന്ത് ശര്‍മ കളിച്ചത്. മൂന്ന് മത്സരത്തില്‍ നിന്നും 12 ഓവര്‍ പന്തെറിഞ്ഞ ഇഷാന്ത് 8.08 എന്ന എക്കോണമിയില്‍ 97 റണ്‍സാണ് വഴങ്ങിയത്. ഒറ്റ വിക്കറ്റ് മാത്രമായിരുന്നു സീസണില്‍ താരത്തിന്റെ സമ്പാദ്യം.
2020ല്‍ വെറും ഒറ്റ മത്സരമാണ് ഇഷാന്ത് കളിച്ചത്. ആ മത്സരത്തില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ ഇഷാന്ത് വിക്കറ്റൊന്നും നേടാതെ 26 റണ്‍സും വഴങ്ങിയിരുന്നു.
കരിയര്‍ എന്‍ഡ് എന്ന് ആരാധകര്‍ വിധിയെഴുതിയിടത്ത് നിന്നുമാണ് ഇഷാന്ത് ശര്‍മ കുതിച്ചുയര്‍ന്നത്. ഈ സീസണില്‍ തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്ക് വീണുകൊണ്ടിരുന്ന ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ രക്ഷകനായാണ് ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ മടങ്ങിയെത്തിയത്.
കഴിഞ്ഞ മത്സരത്തില്‍ ടോസ് നേടി ക്യാപ്പിറ്റല്‍സ് നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 127 റണ്‍സ് മാത്രമാണ് നൈറ്റ് റൈഡേഴ്‌സിന് നേടാന്‍ സാധിച്ചത്. 39 പന്തില്‍ നിന്നും 43 റണ്‍സ് നേടിയ ജേസണ്‍ റോയ്‌യും 31 പന്തില്‍ നിന്നും 38 റണ്‍സ് നേടിയ ആന്ദ്രേ റസലുമാണ് നൈറ്റ് റൈഡേഴ്‌സ് നിരയില്‍ പിടിച്ചുനിന്നത്.
ക്യാപ്പിറ്റല്‍സിനായി ഇഷാന്ത് ശര്‍മക്ക് പുറമെ ആന്റിച്ച് നോര്‍ക്യയും അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് ഡേവിഡ് വാര്‍ണറിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ നാല് പന്തും നാല് വിക്കറ്റും ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
Content Highlight: Ishant Sharma’s brilliant bowling performance against KKR