| Wednesday, 18th January 2023, 9:15 pm

ഒന്നുകില്‍ പ്രതികാരം അതല്ലെങ്കില്‍ മലയാളി അമ്പയറെ കളിയാക്കിയത്; കളിക്കളത്തില്‍ ചിരിയുണര്‍ത്തി ഇഷാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ പുറത്താവല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. തേര്‍ഡ് അമ്പയറുടെ തെറ്റായ തീരുമാനത്തിന് പിന്നാലെയാണ് ഹര്‍ദിക് പുറത്തായത്.

കിവീസ് ബൗളറായ ഡാരില്‍ മിച്ചലിന്റെ പന്തില്‍ ഹര്‍ദിക് ബൗള്‍ഡായെന്നാണ് തേര്‍ഡ് അമ്പയറും മലയാളിയുമായിരുന്ന കെ.എന്‍. അനന്തപദ്മനാഭന്‍ വിധിച്ചത്. എന്നാല്‍ പന്തല്ല, വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്റെ ഗ്ലൗസാണ് സ്റ്റംപില്‍ കൊണ്ടത്.

റീപ്ലേകളില്‍ ഇക്കാര്യം വ്യക്തമായിരുന്നെങ്കിലും തേര്‍ഡ് അമ്പയര്‍ സന്ദര്‍ശകര്‍ക്ക് അനുകൂലമായി ഔട്ട് വിളിക്കുകയായിരുന്നു. ഈ നടപടി ഏറെ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്.

ന്യൂസിലാന്‍ഡ് ഇന്നിങ്‌സില്‍ ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഇഷാന്‍ കിഷന്റെ തീരുമാനം. ലാഥം ചെയ്യുന്നതിന് സമാനമായി വിക്കറ്റിനോട് ചേര്‍ന്നുനിന്നുകൊണ്ട് കീപ്പ് ചെയ്യനായിരുന്നു ഇഷാന്‍ കിഷനും തീരുമാനിച്ചത്.

ടോം ലാഥം ഫേസ് ചെയ്ത ആദ്യ പന്തില്‍ തന്നെ ഇഷാന്‍ ‘പണി തുടങ്ങിയിരുന്നു’. കുല്‍ദീപ് യാദവ് എറിഞ്ഞ ആദ്യ പന്ത് ലാഥം ഫ്‌ളിക് ചെയ്യുകയായിരുന്നു. എന്നാല്‍ വിക്കറ്റ് വീണെന്ന് കാണിച്ച് ഇഷാന്‍ കിഷന്‍ അപ്പീല്‍ ചെയ്യുകയായിരുന്നു.

ടോം ലാഥം ഔട്ടായെന്ന തരത്തില്‍ ഇന്ത്യന്‍ ടീം സെലിബ്രേഷന്‍ ആരംഭിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ നില്‍ക്കുന്ന ലാഥമായിരുന്നു പ്രധാന കാഴ്ച.

എന്താണ് നടന്നതെന്ന് വ്യക്തമാവാത്തതിനാല്‍ ഫീല്‍ഡ് അമ്പയര്‍ തേര്‍ഡ് അമ്പയറിന് വിടുകയായിരുന്നു. റീപ്ലേകളില്‍ ഇഷാന്‍ കിഷന്‍ സ്വയം ബെയ്ല്‍സ് തട്ടിയിടുന്നതായി കാണുകയായിരുന്നു. ഇതിനിടെ ഈ സംഭവം പറഞ്ഞ് ഇഷാന്‍ കിഷനും സഹ താരങ്ങളും ചിരിക്കുകയായിരുന്നു.

ഇതറിഞ്ഞ ലാഥം തന്റെ അമര്‍ഷം പ്രകടമാക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പ്രതികരണവുമായി സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘ബെയ്ല്‍സ് തട്ടിയതുകൊണ്ട് കുഴപ്പമില്ല, എന്നാല്‍ ഒരിക്കലും അപ്പീല്‍ ചെയ്യാന്‍ പാടില്ലായിരുന്നു,’ എന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

Content Highlight: Ishan Kishan with payback after Hardik Pandya’s controversial dismissal

We use cookies to give you the best possible experience. Learn more