ഇന്ത്യ-ന്യൂസിലാന്‍ഡ് സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് പന്തില്‍ നിന്നും ഒരു റണ്‍സ് മാത്രം നേടിയ ഇഷാന്‍ കിഷന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്.
മൈക്കല്‍ ബ്രേസ്വെല്ലിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ഇഷാന്‍ കിഷന്‍ പുറത്തായത്. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരത്തിലും ഇഷാന്‍ കിഷന്‍ സമ്പൂര്‍ണ പരാജയമായി മാറി.
ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ മൂന്നാം മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയമായ ഇഷാനെ വീണ്ടും ഓപ്പണറായി പരിഗണിച്ചതിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
ആ വിമര്‍ശനങ്ങള്‍ ശരിവെക്കുന്ന തരത്തിലായിരുന്നു ഇഷാന്റെ മടക്കവും. ക്രീസിലെത്തി നേരിട്ട മൂന്നാം പന്തില്‍ തന്നെ ഇഷാന്‍ പുറത്തായി.
ഇതോടെ ടി-20 ഫോര്‍മാറ്റില്‍ താരത്തിന്റെ ശനിദശ തുടരുകയാണ്. ഏകദിനത്തില്‍ ഇന്ത്യയുടെ മിന്നും താരമായി തുടരുമ്പോള്‍ തന്നെയാണ് താരം ടി-20യില്‍ പരാജയമാകുന്നത്. ടി-20യില്‍ തുടര്‍ പരാജയമാകുന്ന ഇഷാനെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ പരിഗണിക്കാതെ ഏകദിന സ്‌പെഷ്യലിസ്റ്റായി വളര്‍ത്തിയെടുക്കാന്‍ ബി.സി.സി.ഐ ശ്രദ്ധിച്ചേ മതിയാകൂ.
മൂന്നാം ടി-20യില്‍ ഇഷാന്‍ കിഷന് പകരം പൃഥ്വി ഷാ കളിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയ ഷായെ കൊണ്ട് ഒറ്റ മത്സരത്തില്‍ പോലും ബി.സി.സി.ഐ കളിപ്പിച്ചില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന ഷാ ടീമിനായി റണ്ണുകള്‍ നേടുന്നതിലും വിദഗ്ധനാണ്. ക്രീസിലെത്തിയ ആദ്യ പന്ത് മുതല്‍ക്കുതന്നെ ആക്രമിച്ചു കളിക്കുന്നതാണ് പൃഥ്വി ഷായുടെ രീതി. ഇതുതന്നെയാണ് ടി-20 ഫോര്‍മാറ്റിലെ പെര്‍ഫെക്ട് ഓപ്ഷനാക്കി ഷായെ മാറ്റുന്നതും.
ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തുന്ന ഇന്ത്യന്‍ ലെജന്‍ഡ് വിരേന്ദര്‍ സേവാഗിന്റെ അതേ കളിരീതിയാണ് ഷായും അവലംബിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ ഷായെ അടുത്ത വിരേന്ദര്‍ സേവാഗ് എന്നുംവിശേഷിപ്പിക്കാറുണ്ട്. എന്നിട്ടും ഷായെ മാനേജ്‌മെന്റ് കാണാതെപോയി.
അതേസമയം, ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 58 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര ലഭിക്കുമെന്നതിനാല്‍ തന്നെ ഇരുടീമിനും വിജയം അനിവാര്യമാണ്.