| Saturday, 15th July 2023, 5:13 pm

ബാറ്റിങ്ങ് മോശമായാലും ഇക്കാര്യത്തിലൊക്കെ മിടുക്കനാ; വിക്കറ്റിന് പുറകില്‍ അസഭ്യം പുലമ്പി കിഷന്‍; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആധികാരികമായി വിജയിച്ചിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് മത്സരത്തിന്റെ ആദ്യ സെഷനില്‍ തന്നെ പണികിട്ടി തുടങ്ങിയിരുന്നു. ആദ്യ ദിനം തന്നെ വെറും 150 റണ്‍സില്‍ വിന്‍ഡീസിനെ ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യക്കായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അരങ്ങേറ്റക്കാരന്‍ യശസ്വി ജെയ്‌സ്വാളും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇരുവരും തുടങ്ങിയ റണ്‍വേട്ടയോടൊപ്പം വിരാടും കൂടെ കൂടിയപ്പോള്‍ വിന്‍ഡീസ് പതനം പൂര്‍ണമായി. 451/5 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

മറുപടിയായി രണ്ടാം ഇന്നിങസില്‍ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് വെറും 130 റണ്‍സില്‍ ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ ഒരു ഇന്നിങ്‌സിനും 141 റണ്‍സിനും വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി രണ്ട് ഇന്നിങ്‌സില്‍ നിന്നായി 12 വിക്കറ്റ് നേടിയ അശ്വിനാണ് ഇന്ത്യന്‍ ബൗളിങ്ങിലെ താരം. അരങ്ങേറ്റ മത്സരത്തില്‍ തന്നെ 171 റണ്‍സ് നേടിയ ജെയ്‌സ്വാളാണ് മത്സരത്തിലെ താരം.

ജെയ്‌സ്വാളിന്റെ കൂടെ തന്നെ മത്സരത്തില്‍ അരങ്ങേറിയ താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. മൂന്നാം ദിനം ബാറ്റിങ് ലഭിച്ച കിഷന് കാര്യമായ സംഭാവനയൊന്നും നല്‍കാനായില്ല. 20 പന്ത് നേരിട്ട് ഒരു റണ്‍ നേടി അദ്ദേഹം പുറത്താകാതെ നിന്നു, എന്നാല്‍ വിക്കറ്റിന്റെ പുറകില്‍ ആദ്യം ദിനം മുതല്‍ മികച്ച പ്രകടനമായിരുന്നു കിഷന്‍ കാഴ്ചവെച്ചത്.

വിന്‍ഡീസ് ബാറ്റര്‍മാരെ പ്രലോഭിപ്പിക്കാനും ബൗളര്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാനും കിഷന് സാധിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍മാര്‍ ബൗളര്‍മാരെ പ്രലോഭന വാക്കുകള്‍ ഉപയോഗിച്ച് ബാന്റര്‍ ചെയ്യുന്നത് സാധരണയായ കാര്യമാണ്, കിഷനും അത് തന്നെയാണ് ചെയ്തതെങ്കിലും ചില സമയങ്ങളില്‍ അദ്ദേഹം അതിര് കടക്കുന്നുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ 115ന് 9 വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്ന അദ്ദേഹം ബാറ്റര്‍മാരെ മോശമായ വാക്കുകള്‍കൊണ്ട് അഭിസംബോധന ചെയ്തത്. ജോമെല്‍ വരിക്കാനും ജേസണ്‍ ഹോള്‍റുമായിരുന്നു അപ്പോള്‍ ക്രീസിലുണ്ടായിരുന്ന ബാറ്റര്‍മാര്‍. വീഡിയോ കാണാം.

അതേസമയം വിന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് ജുലൈ 20നാണ് ആരംഭിക്കുക. രണ്ടാം മത്സരത്തിലും വിജയിച്ചുകൊണ്ട് പരമ്പര നേടാനായിരിക്കും ഇന്ത്യ ശ്രമിക്കുക. എന്നാല്‍ മത്സരം എങ്ങനെയെങ്കിലും വിജയിച്ച് പരമ്പര സമനിലയാക്കാനായിരിക്കും വിന്‍ഡീസ് ശ്രമിക്കുക.

Content Highlight: Ishan Kishan Using banter Against West Indies batters

We use cookies to give you the best possible experience. Learn more