| Tuesday, 25th July 2023, 6:52 pm

ബാസ്‌ബോള്‍ അടിപൊളിയാണ് പക്ഷെ ഫ്‌ളാറ്റ് പിച്ചില്‍ മാത്രം; ഒളിയമ്പുമായി ഇന്ത്യന്‍ യുവതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. മത്സരത്തിന്റെ അവസാന ദിനം രസം കൊല്ലിയായി മഴ എത്തിയതോടെയാണ് മത്സരം റിസല്‍ട്ടില്ലാതെയായത്. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യയാണ് പരമ്പര സ്വന്തമാക്കിയത്.

മത്സരം സമനിലിയില്‍ പിരിഞ്ഞതോടെ ഡബ്ല്യൂ.ടി.സി 2023-2025 സൈക്കിള്‍ ടേബിളില്‍ ഇന്ത്യ പാകിസ്ഥാന് പുറകിലായിട്ടുണ്ട്. കാലാവസ്ഥ കണക്കിലെടുത്ത് ഇന്ത്യ നാലാം ദിനം അഗ്രസീവായിട്ടായിരുന്നു ബാറ്റ് വീശിയത്. ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി എന്ന റെക്കോഡ് ഇന്ത്യന്‍ ടീമിന്റെ പേരില്‍ കുറിച്ചിരുന്നു.

ഈ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ സ്‌റ്റൈലുമായി ആളുകള്‍ കമ്പയര്‍ ചെയ്തിരുന്നു. ടെസറ്റിലെ ആദ്യ അര്‍ദ്ധസെഞ്ച്വറി നേടിയ യുവതാരം ഇഷാന്‍ കിഷനെയും ആരാധകര്‍ പ്രശംസിച്ചിരുന്നു. 34 പന്ത് നേരിട്ട് 52 റണ്‍സായിരുന്നു കിഷന്‍ അടിച്ചെടുത്തത്. നാല് ഫോറും രണ്ട് സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നു.

മത്സരത്തിന് ശേഷം ബാസ്‌ബോളിന്റെ ഇമ്പാക്ടിനെ കുറിച്ചും പോരായ്മയും കുറിച്ചും സംസാരിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ബാറ്റിങ് ശൈലി രസകരമാണെന്നും എന്നാല്‍ അത് ഫ്‌ളാറ്റ് ട്രാക്കുകളില്‍ മാത്രമേ കളിക്കാനാകുവെന്നും, ടേണും ബൗണ്‍സുമുള്ള പിച്ചില്‍ സാധിക്കില്ലെന്നും ഇഷാന്‍ പറഞ്ഞു.

”ബാസ്‌ബോള്‍ രസകരമായ ഒരു കളി ശൈലിയാണ്, എന്നാല്‍ എല്ലാ ഗെയിമിലും അത്ര വേഗത്തില്‍ കളിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ സാഹചര്യം നോക്കണം. ഇംഗ്ലണ്ട് നന്നായി കളിക്കുന്നു, പക്ഷേ അവര്‍ കളിക്കുന്ന പിച്ചുകള്‍ നോക്കുക. ഞങ്ങള്‍ കളിക്കുന്നിടത്ത്, ടേണും ബൗണ്‍സും കാരണം ബാറ്റ് ചെയ്യുന്നത് എളുപ്പമല്ല.

എല്ലാ മത്സരങ്ങളിലും അഗ്രസീവ് ക്രിക്കറ്റ് കളിക്കേണ്ട കാര്യമില്ലെന്നും ആ ബ്രാന്‍ഡ് ക്രിക്കറ്റ് കളിക്കാന്‍ പിച്ച് അനുവദിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിന് പവര്‍ ഹിറ്റര്‍മാര്‍ ധാരാളമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ഇഷാന്‍ അവസാനിപ്പിച്ചത്.

അതേസമയം രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്.

Content Highlight: Ishan Kishan takes dig at England’s Bazz Ball

We use cookies to give you the best possible experience. Learn more