ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തിലെ ചെയ്തികള്‍ക്ക് ഇഷാന്‍ കിഷന് മാച്ച് റഫറിയുടെ താക്കീത്. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിനിടെ മനപ്പൂര്‍വം അമ്പയര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്ന കാരണത്തിലാണ് മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് ഇഷാന്‍ കിഷന് താക്കീത് നല്‍കിയത്.
ഇഷാന്‍ കിഷന് നാല് മത്സരത്തില്‍ നിന്നും വിലക്ക് ലഭിച്ചേക്കുമെന്ന് വിവിധ ന്യൂസിലാന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മത്സരത്തിനിടെ ന്യൂസിലാന്‍ഡ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടോം ലാഥത്തിനെ പുറത്താക്കാന്‍ ഇഷാന്‍ അനാവശ്യമായി അപ്പീല്‍ ചെയ്‌തെന്നും ഫീല്‍ഡ് അമ്പയറെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നുമുള്ള കുറ്റത്തിനാണ് ഇഷാനെതിരെ നടപടിയെന്നാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍ തത്കാലത്തേക്ക് കടുത്ത നടപടികളിലേക്ക് കടക്കേണ്ടതില്ല എന്ന തീരുമാനമാണ് ജവഗല്‍ ശ്രീനാഥ് കൈക്കൊണ്ടത്.
മത്സരത്തിനിടെ ടോം ലാഥത്തിനെതിരെ ഇഷാന്‍ സ്റ്റംപിങ് അപ്പീല്‍ ചെയ്യുകയായിരുന്നു. ലാഥം ക്രീസിനുള്ളിലാണെന്ന വ്യക്തമായ ബോധ്യമുണ്ടായിട്ടും താരം ഔട്ടിന് വേണ്ടി വാദിക്കുകയായിരുന്നു.
ന്യൂസിലാന്‍ഡ് നായകന്‍ ഔട്ടായെന്ന തരത്തില്‍ ഇന്ത്യന്‍ ടീം സെലിബ്രേഷന്‍ ആരംഭിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ നില്‍ക്കുന്ന ലാഥമായിരുന്നു പ്രധാന കാഴ്ച. സംഭവം ഹിറ്റ് വിക്കറ്റാണോ എന്ന ആശങ്കയാണ് ലാഥത്തിന്റെ മുഖത്തുണ്ടായിരുന്നത്.
തീരുമാനമെടുക്കാന്‍ സാധിക്കാതെ വന്ന ഫീല്‍ഡ് അമ്പയര്‍ ഇത് തേര്‍ഡ് അമ്പയറിന് വിടുകയായിരുന്നു. റീപ്ലേകളില്‍ ഇഷാന്‍ കിഷന്‍ സ്വയം ബെയ്ല്‍സ് തട്ടിയിടുന്നതാണ് കണ്ടത്.
ഇത് ലാഥത്തിനെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ലാഥം ക്രീസിലെത്തി ആദ്യ പന്തില്‍ തന്നെയായിരുന്നു ഇഷാന്‍ കിഷന്‍ ഈ പണിയൊപ്പിച്ചത്.
നേരത്തെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ വിവാദമായ പുറത്താവലിന് പകരം വീട്ടാനെന്നോണമായിരുന്നു ഇഷാന്‍ ഈ കൈവിട്ട കളിക്ക് മുതിര്‍ന്നത്. സംഭവം തമാശയായിരുന്നെങ്കിലും ക്രിക്കറ്റ് വിചക്ഷണന്‍മാരുടെ മുമ്പില്‍ അത് അങ്ങനെ വിലയിരുത്തപ്പെട്ടില്ല.
മത്സരത്തില്‍ തേര്‍ഡ് അമ്പയറുടെ തെറ്റായ തീരുമാനത്തിന് പിന്നാലെയാണ് ഹര്‍ദിക്കിന് പവലിയനിലേക്ക് തിരിച്ചുനടക്കേണ്ടി വന്നത്.
കിവീസ് ബൗളറായ ഡാരില്‍ മിച്ചലിന്റെ പന്തില്‍ ഹര്‍ദിക് ബൗള്‍ഡായെന്നാണ് തേര്‍ഡ് അമ്പയര്‍ വിധിയെഴുതിയത്. എന്നാല്‍ പന്തല്ല, വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്റെ ഗ്ലൗസായിരുന്നു സ്റ്റംപില്‍ കൊണ്ടത്.
റീപ്ലേകളില്‍ ഇക്കാര്യം വ്യക്തമായി കാണാമെങ്കിലും തേര്‍ഡ് അമ്പയര്‍ സന്ദര്‍ശകര്‍ക്ക് അനുകൂലമായി നിലകൊള്ളുകയായിരുന്നു. തേര്‍ഡ് അമ്പയറിന്റെ ഈ നടപടി ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
മത്സരത്തില്‍ 46 പന്ത് നേരിട്ട ടോം ലാഥം 24 റണ്‍സ് നേടി സിറാജിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായി. ഇന്ത്യ 12 റണ്‍സിന് ആദ്യ മത്സരം ജയിക്കുകയും ചെയ്തിരുന്നു.
ജനുവരി 24നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മാച്ച്. ഹോല്‍കര്‍ സ്‌റ്റേഡിയമാണ് വേദി.
Content Highlight: Ishan Kishan survives 4 match ban