ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യില്‍ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ 44 റണ്‍സിനാണ് ഇന്ത്യ കങ്കാരുക്കളെ തോല്‍പിച്ചുവിട്ടത്. ഇതോടെ പരമ്പരയില്‍ 2-0ന് മുമ്പിലെത്താനും ഇന്ത്യക്കായി.
ഇന്ത്യന്‍ ടോപ് ഓര്‍ഡറിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടി. ഓപ്പണര്‍മാരായ യശസ്വി ജെയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ജെയ്സ്വാള്‍ 25 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പെടെ 53 റണ്‍സ് നേടിയപ്പോള്‍ മൂന്ന് ബൗണ്ടറിയുടെയും നാല് സിക്സറിന്റെയും അകമ്പടിയോടെ 32 പന്തില്‍ 52 റണ്‍സാണ് കിഷന്‍ നേടിയത്.
അവസാന ഓവറിലെ രണ്ടാം പന്തില്‍ നഥാന്‍ എല്ലിസിന് ക്യാച്ച് നല്‍കി പുറത്താകും മുമ്പ് തന്റെ പേരില്‍ 58 റണ്‍സ് എഴുതിച്ചേര്‍ത്താണ് ഗെയ്ക്വാദ് തിരിച്ചുനടന്നത്. 43 പന്തില്‍ നിന്നുമാണ് താരം 58 റണ്‍സ് നേടിയത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറുമായിരുന്നു താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.
ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ഇഷാനെ തേടിയെത്തിയിരുന്നു. ടി-20യില്‍ ഏറ്റവുമധികം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് ഇഷാന്‍ സ്വന്തമാക്കിയത്.
15 ഏകദിനത്തില്‍ നിന്നും മൂന്ന് തവണയാണ് ഇഷാന്‍ അന്താരാഷ്ട്ര ടി-20യില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വിക്കറ്റ് കീപ്പറുടെ റോളിലെത്തിയ എട്ട് മത്സരത്തില്‍ നിന്നും മൂന്ന് തവണ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കെ.എല്‍. രാഹുലാണ് പട്ടികയില്‍ ഒന്നാമന്‍.
ടി-20യില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍
കെ.എല്‍ രാഹുല്‍ – മൂന്ന് തവണ (എട്ട് ഇന്നിങ്‌സ്)
ഇഷാന്‍ കിഷന്‍ – മൂന്ന് തവണ (15 ഇന്നിങ്‌സ്)
റിഷബ് പന്ത് – രണ്ട് തവണ (44 ഇന്നിങ്‌സ്)
എം.എസ്. ധോണി – രണ്ട് തവണ (85 ഇന്നിങ്‌സ്)
പരമ്പരയിലെ ആദ്യ മത്സരത്തിലും ഇഷാന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 39 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയും അഞ്ച് സിക്‌സറും അടക്കം 58 റണ്‍സാണ് താരം നേടിയത്.
അതേസമയം, നവംബര്‍ 28ന് നടക്കുന്ന മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യയിറങ്ങുന്നത്. അസമിലെ ബര്‍സാപര സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഓസീസീന് മറ്റൊരു തോല്‍വി താങ്ങാവുന്നതിലും അപ്പുറമായിരിക്കും. പരമ്പര നഷ്ടപ്പെടുത്താതിരിക്കാനും സീരീസ് സജീവമായി നിലനിര്‍ത്താനുമാകും ഓസീസ് ബര്‍സാപരയിലേക്കിറങ്ങുന്നത്.
Content highlight: Ishan Kishan surpasses MS Dhoni