ഐ.പി.എല്ലില്‍ ദൈവത്തിന്റെ പോരാളികള്‍ തുടര്‍ച്ചയായ ആറാം മത്സരവും തോറ്റിരിക്കുകയാണ്. മഹേല ജയവര്‍ധനയ്ക്കും വിരാട് കോഹ്‌ലിക്കും ശേഷം ഒരു സീസണിലെ ആദ്യ ആറ് മത്സരവും തോല്‍ക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡ് രോഹിത് ശര്‍മയും ടീം എന്ന റെക്കോഡ് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കിയിരിക്കുകയാണ്.
ടീമിലെ മിക്ക താരങ്ങള്‍ക്കും തങ്ങളുടെ സ്വാഭാവിക പ്രകടനം പുറത്തെടുക്കാനാവുന്നില്ല. ബ്രെവിസും സൂര്യകുമാര്‍ യാദവും തിലക് വര്‍മയും തുടങ്ങി ചില താരങ്ങള്‍ മാത്രം തങ്ങളുടെ മികവ് പുറത്തെടുക്കുമ്പോള്‍ നായകന്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ പരാജിതരുടെ കൂട്ടത്തിലേക്ക് തരം താണിരിക്കുകയാണ്.
ടീം മാനേജ്‌മെന്റും ആരാധകരും തങ്ങളുടെ മേല്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കാത്തത് പല താരങ്ങളേയും കടുത്ത സമ്മര്‍ദ്ദത്തിലേക്കും തള്ളിവിടുന്നുണ്ട്. ഇതുകൂടാതെ ലേലത്തില്‍ മുടക്കിയ തുകയും താരങ്ങളുടെ തലയ്ക്കുമേല്‍ ഡെമോക്ലസിന്റെ വാളുപോല്‍ തൂങ്ങുന്നുമുണ്ട്.
ഇത്തരത്തില്‍ ഈ സീസണില്‍ തന്റെ പ്രതിഭയ്‌ക്കൊത്ത് ഉയരാന്‍ കഴിയാതെ പോയ താരമാണ് മുംബൈ പൊന്നും വിലകൊടുത്ത് വാങ്ങിയ ഇഷാന്‍ കിഷന്‍. 15.25 കോടി രൂപയുടെ പ്രകടനം കഴിഞ്ഞ ആറ് കളിയില്‍ ഒരിക്കല്‍പ്പോലും താരത്തിന് പുറത്തെടുക്കാനായിട്ടില്ല.
ഇക്കാരണംകൊണ്ടുള്ള സമ്മര്‍ദ്ദവും സ്വാഭാവിക പ്രകടനം പുറത്തെടുക്കാനാവത്തതിന്റെ ദേഷ്യവും താരത്തെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വ്യക്തമായ തെളിവായിരുന്നു കഴിഞ്ഞ ദിവസം താരം പുറത്തായപ്പോള്‍ കണ്ടത്.
സ്‌റ്റോയ്‌നിസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായതിന്റെ ദേഷ്യം താരം തീര്‍ത്തത് ബൗണ്ടറി ലൈനിനോടായിരുന്നു. 17 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായ കിഷന്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോവുന്ന പോക്കില്‍ ബൗണ്ടറി ലൈനില്‍ ബാറ്റുകൊണ്ടിച്ച് ദേഷ്യം തീര്‍ക്കുകയായിരുന്നു.
ഇഷാന്‍ കിഷനെ പോലെ മറ്റ് സീനിയര്‍ താരങ്ങള്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാതെ വന്നതോടെ മുംബൈ ആറാം മത്സരത്തിലും പരാജയപ്പെടുകയായിരുന്നു.
ഇഷാന് കിഷനെ വന്‍ തുകയ്ക്ക് ടീമിലെത്തിച്ചതിനെ വിമര്‍ശിച്ച് പല ക്രിക്കറ്റ് ലെജന്‍ഡുകളും രംഗത്തെത്തിയിരുന്നു. 15 കോടി മുടക്കി ഇഷാനെ ടീമിലെത്തിച്ചതോടെ മുംബൈ ഇന്ത്യന്‍സിന്റെ ബാലന്‍സ് നഷ്ടപ്പെട്ടെന്നായിരുന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്.
ഇഷാന്‍ കിഷന് 15 കോടിയൊന്നും മൂല്യമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഓസീസ് ക്രിക്കറ്റ് ഇതിഹാസവും ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സഹപരിശീലകനുമായ ഷെയ്ന്‍ വാട്‌സണ്‍ അഭിപ്രായപ്പെട്ടത്.
‘ലേലത്തില്‍ മുംബൈയുടെ ഇടപെടല്‍ എന്നെ ശരിക്കും ഞെട്ടിച്ചിരുന്നു. ഈ ടീം കാരണം മുംബൈ പോയിന്റ് പട്ടികയില്‍ താഴേക്ക് പോയതില്‍ അതിശയിക്കാനൊന്നും തന്നെയില്ല.
ഇഷാന്‍ കിഷന് വേണ്ടി വന്‍ തുകയാണ് മുംബൈ പേഴ്സില്‍ നിന്നും മാറ്റിവെച്ചത്. കിഷന്‍ പ്രതിഭയുള്ള താരം തന്നെയാണ്, അതില്‍ യാതൊരു വിധത്തിലുള്ള തര്‍ക്കവുമില്ല. എന്നാല്‍ അത്രയും തുകയ്ക്കുള്ള മൂല്യം അവനില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം,’ വാട്‌സണ്‍ പറയുന്നു.
ലേലത്തില്‍ നടത്തിയ മോശം ഇടപെടലുകളാണ് മുംബൈ ഇന്ത്യന്‍സിനെ ഏറ്റവും ദുര്‍ബലമായ ടീമാക്കി മാറ്റിയതെന്നും വാട്സണ്‍ കൂട്ടിച്ചേര്‍ത്തു.
Content highlight: Ishan Kishan smashes boundary line after losing wicket against Lucknow Super Giants