| Monday, 15th August 2022, 2:32 pm

രോഹിത് സന്തോഷവാനാണ് എന്നാണ് ഞാന്‍ കരുതിയത്; എന്നാല്‍ അദ്ദേഹം എന്നെ വഴക്ക് പറഞ്ഞു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യുവ ഓപ്പണറാണ് ഇഷാന്‍ കിഷന്‍. ഓപ്പണിങ്ങില്‍ ഇറങ്ങി വെടിക്കെട്ട് നടത്തുന്ന താരമാണ് അദ്ദേഹം. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് കിഷന്‍. മുംബൈക്കായി ഒരുപാട് മത്സരങ്ങള്‍ വിജയിപ്പിച്ചിട്ടുള്ള താരം ടീമിന്റെ ഏറ്റവും വിലകൂടിയ കളിക്കാരില്‍ ഒരാള്‍ കൂടെയാണ്.

മുംബൈയില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ടീമിന്റെ നായകനായ രോഹിത് ശര്‍മയുടെ ശകാരം കേട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കിഷനിപ്പോള്‍.

2018ലായിരുന്നു കിഷന്‍ മുംബൈയില്‍ എത്തിയത്. ആ സീസണില്‍ പന്ത് നിലത്തിട്ട് ഉരുട്ടിയതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ബോള്‍ പഴയതാക്കാനായിട്ടായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തത്. നായകന്‍ രോഹിത് സന്തോഷിക്കുമെന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല എന്നും കിഷന്‍ പറഞ്ഞു.

ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കിഷന്‍.

‘ഒരിക്കല്‍ ഞാന്‍ വാങ്കഡെയില്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്കറിയാമോ? ഞാന്‍ പുതിയ ആളായിരുന്നു, മുംബൈയില്‍ എന്റെ ആദ്യ സീസണായിരുന്നു അത്, എനിക്കൊന്നും അറിയില്ലായിരുന്നു. അപ്പോള്‍ പന്ത് പഴയതാക്കാന്‍, സാധാരണയായി അത് നിലത്തിട്ട് ഉരുട്ടുകയാണ് ചെയ്യേണ്ടത്. ഞാന്‍ അത് ചെയ്തു. അങ്ങനെ ചെയ്താല്‍ രോഹിത് ഭായിക്ക് സന്തോഷമുണ്ടാകുമെന്ന് ഞാന്‍ കരുതി,’ കിഷന്‍ പറഞ്ഞു.

എന്നാല്‍ അന്ന് മഞ്ഞുവീഴ്ചയുണ്ടായിരുന്നെന്നും അതിനാല്‍ പന്ത് ഉരുട്ടിയപ്പോള്‍ രോഹിത് ശര്‍മ തന്നോട് ചൂടായെന്നും അദ്ദേഹം പറഞ്ഞു.

ആ മഞ്ഞില്‍ ഞാന്‍ പന്ത് അദ്ദേഹത്തിലേക്ക് ഉരുട്ടി. അദ്ദേഹം ടവല്‍ എടുത്ത് എന്നെ ശകാരിച്ചു. അപ്പോള്‍ ഞാന്‍ താഴേക്ക് നോക്കി, ഞാന്‍ എന്താണ് ചെയ്തതെന്ന് മനസ്സിലായി. എന്നിട്ട് എന്നോട് പറഞ്ഞു, ‘ഇത് വ്യക്തിപരമായി എടുക്കരുത്, ഇത് മാച്ച് ടു മാച്ച് മാത്രമാണ്,’ കിഷന്‍ കൂട്ടിച്ചേര്‍ത്തു.

പിച്ചില്‍ പന്ത് ഉരുണ്ടാല്‍ ബോള്‍ പഴകും. എന്നാല്‍ ഗ്രൗണ്ടില്‍ മഞ്ഞ് വീഴചയുണ്ടെങ്കില്‍ അങ്ങനെ സംഭവിക്കില്ല.

ഏഷ്യാ കപ്പില്‍ നിന്നുമുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും കിഷനെ ഇന്ത്യ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഭാവിയില്‍ ടീമിന്റെ പ്രധാന ഓപ്പണിങ് സ്ഥാനത്തേക്ക് പോരാടുന്നവരില്‍ കിഷന്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്.

Content Highlight: Ishan Kishan shared his experience with Rohit Sharma

We use cookies to give you the best possible experience. Learn more