| Friday, 16th August 2024, 6:27 pm

10 സിക്‌സര്‍, 114 റണ്‍സ്; സ്വയം നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ ജേഴ്‌സി തിരിച്ചെടുക്കാന്‍ അവനെത്തുന്നു; വെല്‍ക്കം ബാക്ക് ചാംപ്

സ്പോര്‍ട്സ് ഡെസ്‌ക്

ബുച്ചി ബാബു ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി ഇഷാന്‍ കിഷന്‍. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ജാര്‍ഖണ്ഡിന് വേണ്ടിയാണ് ഇഷാന്‍ കിഷന്‍ സെഞ്ച്വറിയുമായി തിളങ്ങിയത്.

തിരുനല്‍വേലിയില്‍ നടന്ന മത്സരത്തില്‍ 107 പന്തില്‍ നിന്നും 114 റണ്‍സാണ് ഇഷാന്‍ സ്വന്തമാക്കിയത്. പത്ത് പടുകൂറ്റന്‍ സിക്‌സറുകളും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്‌സ്.

നേരിട്ട 86ാം പന്തിലാണ് ഇഷാന്‍ ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കിയത്. വ്യക്തിഗത സ്‌കോര്‍ 92ല്‍ നില്‍ക്കവെ ഒന്നിന് പിന്നാലെ ഒന്നായി രണ്ട് സിക്‌സറുകള്‍ പറത്തിയാണ് ഇഷാന്‍ സെഞ്ച്വറി തികച്ചത്.

ഇതോടെ ഒരിക്കല്‍ താന്‍ തന്നെ നഷ്ടപ്പെടുത്തിയ ദേശീയ ടീമിലേക്കുള്ള സ്ഥാനവും സെന്‍ട്രല്‍ കോണ്‍ട്രാക്ടും നേടാനുള്ള ശ്രമത്തിലാണ്.

നേരത്തെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്നതിന് പിന്നാലെയാണ് ഇഷാന് സെന്‍ട്രല്‍ കോണ്‍ട്രാക്ട് നഷ്ടമായത്. കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുടെയും കര്‍ശന നിര്‍ദേശം അവഗണിച്ചാണ് താരം ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും പിന്‍മാറിയത്. അതിന് നല്‍കേണ്ടി വന്ന വില വളരെ വലുതുമായിരുന്നു.

രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കളിക്കാതെ മാറിനിന്ന അദ്ദേഹം പകരം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇത് അപെക്‌സ് ബോര്‍ഡിനെ ചൊടിപ്പിക്കുകയും ചെയ്തു.

ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ നിന്നും പുറത്തേക്കുള്ള വാതിലാണ് താന്‍ തുറന്നതെന്ന് വൈകിയാണ് ഇഷാന്‍ കിഷന് മനസിലായത്. ശേഷം നടന്ന ഇന്ത്യയുടെ മത്സരങ്ങളില്‍ ടീം വിക്കറ്റ് കീപ്പര്‍ ബാറ്ററെ പരിഗണിക്കുകയും ചെയ്തിരുന്നില്ല.

ഈ വര്‍ഷം ഇന്ത്യക്കായി ഒറ്റ മത്സരം പോലും കളിക്കാന്‍ അപെക്‌സ് ബോര്‍ഡ് ഇഷാനെ അനുവദിച്ചില്ല. അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വേ, ശ്രീലങ്ക എന്നിവര്‍ക്കെതിരെ നടന്ന ടി-20 പരമ്പരകളില്‍ നിന്നും ഒഴിവാക്കപ്പെട്ട ഇഷാന് ടി-20 ലോകകപ്പിനുള്ള ടീമിലും സ്ഥാനം ലഭിച്ചില്ല. താരത്തിന്റെ കരിയര്‍ അവസാനിച്ചെന്ന് ആരാധകരും വിധിയെഴുതി.

എന്നാല്‍ നഷ്ടപ്പെടുത്തിയ കരിയര്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇഷാന്‍ ബുച്ചി ബാബു ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങിയത്. ഡൊമസ്റ്റിക് ഫോര്‍മാറ്റിലെ ആദ്യ മത്സരത്തില്‍ തന്നെ നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ ടീമിലെ സ്ഥാനം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനായി കളിക്കാന്‍ ഇഷാന്‍ തയ്യാറായത്. ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിലെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിനായി.

ബുച്ചി ബാബുവിന് പുറമെ സെപ്റ്റംബര്‍ അഞ്ച് മുതല്‍ ആരംഭിക്കുന്ന ദുലീപ് ട്രോഫിയിലും താരം കളത്തിലിറങ്ങുന്നുണ്ട്. ശ്രേയസ് അയ്യരിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഡി-ക്ക് വേണ്ടിയാണ് ഇഷാന്‍ കളത്തിലിറങ്ങുക.

ഇന്ത്യ ഡി സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഥര്‍വ തായ്‌ദെ, യാഷ് ദുബെ, ദേവദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, റിക്കി ഭുയി, സാരാംശ് ജെയ്ന്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആദിത്യ താക്കറെ, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് സെന്‍ഗുപ്ത, കെ. എസ്. ഭരത്, സൗരഭ് കുമാര്‍.

ഈ ടൂര്‍ണമെന്റിലും മികച്ച പ്രകടനം നടത്തിയാല്‍ ഇഷാന്റെ ഇന്ത്യന്‍ ജേഴ്‌സിയിലേക്കുള്ള തിരിച്ചുവരവും ഉണ്ടായേക്കും.

Content highlight: Ishan Kishan’s brilliant batting performance in Buchi Babu Tournament

We use cookies to give you the best possible experience. Learn more