ഇത് ഇഷാന്‍ കിഷന്റെ പ്രതികാരം; ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും തഴഞ്ഞതിന് പിന്നാലെ ബി.സി.സി.ഐക്കെതിരെ ഒളിയമ്പ്
Sports News
ഇത് ഇഷാന്‍ കിഷന്റെ പ്രതികാരം; ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും തഴഞ്ഞതിന് പിന്നാലെ ബി.സി.സി.ഐക്കെതിരെ ഒളിയമ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th August 2022, 12:11 pm

ഈ മാസം അവസാനം നടക്കുന്ന ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. എന്നാല്‍ പലരും ബി.സി.സി.ഐ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ പൂര്‍ണ തൃപ്തരുമായിരുന്നില്ല.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പരിക്കില്‍ നിന്നും മുക്തനായി കെ.എല്‍. രാഹുല്‍ സ്‌ക്വാഡിലേക്കെത്തിയതും ആരാധകരെ ഏറെ സന്തോഷിപ്പിച്ചപ്പോള്‍ ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായത് ആരാധകര തെല്ലൊന്നുമല്ല നിരാശരാക്കിയത്.

ഇതിന് പുറമെ പല താരങ്ങളെയും സ്‌ക്വാഡ് സെലക്ഷനില്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ട പല താരങ്ങള്‍ക്ക് വേണ്ടിയും മുന്‍ താരങ്ങളടക്കം പരസ്യമായി രംഗത്തുവന്നിരുന്നു.

അത്തരത്തില്‍ ടീമില്‍ നിന്നും തഴയപ്പെട്ട പേരുകാരില്‍ പ്രധാനിയാണ് ഹാര്‍ഡ് ഹിറ്ററായ ഇഷാന്‍ കിഷന്‍. രാഹുല്‍ ടീമിലേക്ക് മടങ്ങിയെത്തിയതും ടീമിന്റെ ടോപ് ഓര്‍ഡര്‍ അത്യാവശ്യം സ്‌റ്റേബിളായതുമാണ് ഇഷാന് തിരിച്ചടിയായത്.

എന്നാല്‍ ടീം സെലക്ഷനില്‍ തന്നെ ഒഴിവാക്കിയ ബി.സി.സി.ഐയെ തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് ഇഷാന്‍ കിഷന്‍. നേരിട്ടല്ല, പകരം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരണമറിയിച്ചത്.

‘ബെല്ലാ ഹംബിള്‍ പോയറ്റ്’ (Bella Humble Poet) എന്ന റാപ് സോങ്ങിലെ വരികളായിരുന്നു താരം പോസ്റ്റ് ചെയ്തത്.

‘കേ അബ് ഏസാ ബന്‍നാ നഹിം, ഭാലേ ഗായല്‍ ഹോ ജാനാ’ എന്ന് തുടങ്ങുന്ന വരികളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

നിങ്ങള്‍ പരിക്കേറ്റ് താഴെ വീണാലും ഒരിക്കലും മാറരുതെന്നും, ആളുകള്‍ നിങ്ങളെ ഒരു കോമാളിയായി കാണുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ കനല്‍ കത്തി ജ്വലിക്കണമെന്ന തരത്തിലായിരുന്നു പാട്ടിന്റെ വരികള്‍.

ഇഷാന്റെ ഇന്‍സ്റ്റ സ്റ്റോറി ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ട്.

2022ല്‍ ഇഷാന്‍ ഇന്ത്യയ്ക്കായി 14 ടി-20 മത്സരങ്ങളാണ് കളിച്ചത്. ഈ മത്സരങ്ങളില്‍ നിന്നുമായി 30.71 ശരാശരിയില്‍ 430 റണ്‍സും ഇഷാന്‍ നേടിയിരുന്നു.

 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ആര്‍. അശ്വിന്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്

Content highlight:  Ishan Kishan Posts Cryptic Instagram Story With Rap Lyrics After He Was Excluded From India’s Asia Cup Squad