| Saturday, 13th January 2024, 9:20 am

'ഇഷാന്‍ കിഷന്റെ കാര്യത്തില്‍ തീരുമാനമായി'; ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കണോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ യങ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാന്‍ കിഷന്‍. അഫ്ഗാനിസ്ഥാനുമായുള്ള മത്സരപരമ്പരയില്‍ താരത്തെ ടീമില്‍ പരിഗണിച്ചിട്ടില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി വന്ന റിപ്പോര്‍ട്ടുകളില്‍ മാനസിക ബുദ്ധിമുട്ട് കാരണം ഇഷാന്‍ കിഷന്‍ ഒരു ഇടവേള ആവശ്യപ്പെട്ടിരുന്നു. പക്ഷേ താരം ധോണിയുടെ കൂടെ ദുബായില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

എന്നാല്‍ താരത്തെ പരമ്പരയില്‍ എടുക്കാത്തതില്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് ഒരു പത്രസമ്മേളനത്തില്‍ ദ്രാവിഡ് അറിയിച്ചിരുന്നു. പക്ഷെ ഇംഗ്ലണ്ട് പര്യടനത്തില്‍ താരത്തിന് പങ്കെടുക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഫോം കണ്ടെത്തണമെന്നും തുടര്‍ന്ന് സെലക്ഷന് വരണമെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ രഞ്ജിയില്‍ സംസ്ഥാന ടീമിനായി കളിക്കുന്നതിന് താരം ഇതുവരെ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്ന് ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞിരുന്നു.

ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌ക്വാഡില്‍ ഇഷാന്‍ കിഷനെ ടീമില്‍ നിന്നും ഒഴുവാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന പരമ്പരയിലും താരം പുരത്ത് തന്നെയായിരുന്നു. ഇതോടെ താരത്തിന് ടീമിലെത്താനുള്ള അവസരം ചോദ്യ ചിഹ്നത്തിലായിരിക്കുകയാണ്.

2024ലെ ഇംഗ്ലണ്ട് പര്യടനം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളിലായി നടക്കും. ആദ്യ ടെസ്റ്റ് മത്സരം ജനുവരി 25 മുതല്‍ 29 വരെ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ വിശാഖപട്ടണത്തെ ഡോക്ടര്‍ വൈ.എസ് രാജശേഖര റെഡ്ഡി എ.സി.എ- വി.ഡി.സി.എ ക്രിക്കറ്റ് അസോസിയേഷനിലും നടക്കും.

ഫെബ്രുവരി 15 മുതല്‍ 19 വരെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. പരമ്പരയിലെ അവസാന ടെസ്റ്റ് മാര്‍ച്ച് ഏഴിന് ആരംഭിക്കും. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലെ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വിസി), അവേശ് ഖാന്‍.

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ ഇഷാന്‍ കിഷന്‍ പുറത്ത്‌

Content Highlight: Ishan Kishan out of Test against England

We use cookies to give you the best possible experience. Learn more