ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷന്‍. ഏഷ്യാ കപ്പിനായി ബി.സി.സി.ഐ പ്രഖ്യാപിച്ച 15 അംഗ സ്‌ക്വാഡില്‍ താരം ഉള്‍പ്പെട്ടിരുന്നില്ല.
വിക്കറ്റ് വീപ്പര്‍ ബാറ്ററായി റിഷബ് പന്തും ദിനേഷ് കാര്‍ത്തിക്കും എത്തിയതോടെയാണ് കിഷന്‍ സ്‌ക്വാഡില്‍ നിന്നും പുറത്തായത്.
എന്നാലിപ്പോള്‍ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത് മികച്ച ടീമിനെ തന്നെയാണെന്നും വളരെ ചിന്തിച്ച് തന്നെയാണ് അവര്‍ ടീം സെലക്ട് ചെയ്തിരിക്കുന്നതെന്നുമാണ് ഇഷാന്‍ പറയുന്നത്.
എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇഷാന്‍ ഇക്കാര്യം പറഞ്ഞത്.
‘ന്യായമായ കാര്യമാണ് സെലക്ടര്‍മാര്‍ ചെയ്തതെന്നാണ് ഞാന്‍ കരുതുന്നത്. ഏതൊക്കെ താരങ്ങള്‍ക്ക് അവസരം നല്‍കണമെന്നത് അവര്‍ കൃത്യമായി തന്നെ ചിന്തിച്ച് ആലോചിച്ചാണ് ടീം സെലക്ട് ചെയ്തിരിക്കുന്നത്.
ഞാന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ കൂടിയും ഇതിനെ പോസ്റ്റീവായാണ് കാണുന്നത്. ഞാന്‍ ഇനിയും കഠിനമായി പരിശ്രമിക്കുകയും കൂടുതല്‍ റണ്‍സ് നേടുകയും ചെയ്യും. സെലക്ടര്‍മാര്‍ക്ക് എന്റെ കാര്യത്തില്‍ കോണ്‍ഫിഡന്‍സ് വരുമ്പോള്‍ അവര്‍ എന്നെ തെരഞ്ഞെടുക്കുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്,’ ഇഷാന്‍ പറഞ്ഞു.
എന്നാല്‍, ഏഷ്യാ കപ്പില്‍ നിന്നും തന്നെ ഒഴിവാക്കിയതിന് പിന്നാലെയുള്ള ഇഷാന്‍ കിഷന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ചര്‍ച്ചയായിരുന്നു. ‘ബെല്ലാ ഹംബിള്‍ പോയറ്റ്’ എന്ന റാപ് സോങ്ങിലെ വരികളായിരുന്നു താരം സ്‌റ്റോറിയായി പോസ്റ്റ് ചെയ്തത്.
‘കേ അബ് ഏസാ ബന്‍നാ നഹിം, ഭാലേ ഗായല്‍ ഹോ ജാനാ’ എന്ന് തുടങ്ങുന്ന വരികളാണ് ഇഷാന്‍ പോസ്റ്റ് ചെയ്തത്
നിങ്ങള്‍ പരിക്കേറ്റ് താഴെ വീണുപോയാലും ഒരിക്കലും മാറരുതെന്നും, ആളുകള്‍ നിങ്ങളെ ഒരു കോമാളിയായി കാണുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ തീ കത്തി ജ്വലിക്കണമെന്ന തരത്തിലായിരുന്നു പാട്ടിന്റെ വരികള്‍.
ടീമില്‍ ഉള്‍പ്പെടുത്താത്തതിന് ബി.സി.സി.ഐക്കെതിരെയുള്ള താരത്തിന്റെ ഒളിഞ്ഞുള്ള പരസ്യവിമര്‍ശനമായാണ് അത് വിലയിരുത്തപ്പെട്ടത്. ഇതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ അത് തിരുത്താനും ഇഷാന് കിഷന്‍ മെനക്കെട്ടിരുന്നില്ല.
ഇതിനെല്ലാം ശേഷമാണ് താരം ടീം സെലക്ഷനില്‍ തൃപ്തനാണെന്ന് പറഞ്ഞിരിക്കുന്നത്.