ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം മുതല്‍ അടിച്ചുകളിച്ച ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിശ്ചിത ഓവറില്‍ 351 റണ്‍സാണ് നേടിയത്.
ഇന്ത്യക്കായി ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും അര്‍ധസെഞ്ച്വറി നേടിയിരുന്നു. കിഷന്‍ 64 പന്ത് നേരിട്ട് 77 റണ്‍സ് നേടിയപ്പോള്‍ ഗില്‍ 92 പന്തില്‍ 85 റണ്‍സ് നേടി. നാലമനായിറങ്ങിയ സഞ്ജു 51ും അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ത്ത ഹര്‍ദിക്ക് പാണ്ഡ്യ 70ും റണ്‍സ് സ്വന്തമാക്കി.
ഈ മത്സരത്തില്‍ 77 റണ്‍സ് നേടിയതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അര്‍ധസെഞ്ച്വറി നേടാന്‍ ഇഷാന്‍ കിഷന് സാധിച്ചു.
ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ എല്ലാം പരാജയമായപ്പോള്‍ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. രണ്ട് മത്സരത്തിലും അര്‍ധസെഞ്ച്വറി നേടിയ ഒരേ ഒരു താരം കിഷനാണ്.
ആദ്യ മത്സരത്തില്‍ 52 റണ്‍സ് നേടിയ കിഷന്‍ രണ്ടാം മത്സരത്തില്‍ 55 റണ്‍സും നേടിയിരുന്നു. ഈ കളിയിലും 64 പന്ത് നേരിട്ട് അതിവേഗത്തില്‍ 77 റണ്‍സാണ് താരം അടിച്ചുക്കൂട്ടിയത്. 120 പ്രഹരശേഷിയില്‍ ബാറ്റ് വീശിയ കിഷനിന്റെ ഇന്നിങ്‌സില്‍ എട്ട് ഫോറും മൂന്ന് സിക്‌സറുകളുമുണ്ടായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലുമായി 145 റണ്‍സിന്റെ പാര്‍ട്ട്‌നര്‍ഷിപ്പ് ഉണ്ടാക്കിയിട്ടാണ് അദ്ദേഹം കളം വിട്ടത്.
മൂന്ന് കളിയിലും അര്‍ധസെഞ്ച്വറി നേടിയതോടെ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇഷന്‍ കിഷന്‍. ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും അവകാശപ്പെടാനില്ലാത്ത വമ്പന്‍ റെക്കോര്‍ഡ് അദ്ദേഹം തന്റെ പേരിലാക്കി. കരീബിയന്‍ മണ്ണില്‍ ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങളില്‍ ഫിഫ്റ്റിയടിച്ച ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പറായാണ് ഇഷാന്‍ മാറിയത്.
ഈ റെക്കോര്‍ഡിനൊപ്പം എലൈറ്റ് ക്ലബ്ബിലും കിഷന്‍ ഇടം പിടിച്ചിട്ടുണ്ട്. മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ എല്ലാ കളിയിലും ഫിഫ്റ്റിയടിച്ച ആറാമത്തെ ഇന്ത്യന്‍ താരമായാണ് അദ്ദേഹം മാറിയത്. 2020നു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ഒരു താരം ഈ നേട്ടം കൈവരിച്ചത്. 1982ല്‍ ശ്രീലങ്കക്കെതിരേ മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ. ശ്രീകാന്താണ് ആദ്യമായി മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ എല്ലാ കളിയിലും ഫിഫ്റ്റിയടിച്ചത്.
1985ല്‍ ശ്രീലങ്കക്കെതിരേ തന്നെ മറ്റൊരു മുന്‍ നായകനും മുഖ്യ സെലക്ടറുമായിരുന്ന ദിലീപ് വെങ്സാര്‍ക്കറും ഈ നേട്ടത്തിനൊപ്പമെത്തി. 1985ല്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് എലൈറ്റ് ക്ലബ്ബിലെത്തിയ മൂന്നാമത്തെ താരം. അദ്ദേഹത്തിന്റെ നേട്ടവും ശ്രീലങ്കയ്ക്കെതിരേയായിരുന്നു. 2019ല്‍ ഓസ്ട്രേലിയക്കെതിരേ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണിയും ഹാട്രിക് ഫിഫ്റ്റികളടിച്ചു.
2020ല്‍ മധ്യനിര താരം ശ്രേയസ് അയ്യരായിരുന്നു അഞ്ചാമതായി തുടരെ മൂന്നു ഫിഫ്റ്റികളടിച്ച താരം. ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ഇപ്പോള്‍ ഇഷാനും ശ്രേയസിനൊപ്പമെത്തിയിരിക്കുകയാണ്.
Content Highlight: Ishan Kishan Made into elite List after scoring three fifties in A row