ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 15 അംഗ സ്‌ക്വാഡിനെ രോഹിത് ശര്‍മ നയിക്കും. ഓപ്പണിങ് ബാറ്റര്‍ കെ.എല്‍. രാഹുല്‍ വൈസ് ക്യാപ്റ്റനായി ടീമില്‍ തിരിച്ചെത്തും.
മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും ടീമില്‍ തിരിച്ചെത്തുന്നതാണ് മറ്റൊരു പ്രത്യേകത. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ടീമിലുണ്ടാകില്ല.
ടീമിന്റെ ലെഫ്റ്റ് ഹാന്‍ഡഡ് ഓപ്പണിങ് ബാറ്ററായ ഇഷാന്‍ കിഷനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ ആരാധകര്‍ രോഷം കൊണ്ടിരുന്നു. ടീമില്‍ കെ.എല്‍ രാഹുല്‍ തിരിച്ചെത്തിയതോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചത്.
കുറച്ചുനാള്‍ മുമ്പ് ടീമിന്റെ പ്രധാന താരമായിരുന്നു കിഷന്‍. എന്നാല്‍ അയര്‍ലന്‍ഡ് പരമ്പരക്ക് ശേഷം ടീമില്‍ അദ്ദേഹത്തെ എടുത്തില്ലായിരുന്നു. ഐ.പി.എല്ലിന് ശേഷം ആരംഭിച്ച ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്.
രോഹിത്തും രാഹുലും വിശ്രമത്തിലായിരുന്ന പരമ്പരയില്‍ കിഷന്‍ നിറഞ്ഞാടുകയായിരുന്നു. എന്നാല്‍ ടീമില്‍ രോഹിത്തും രാഹുലും തിരിച്ചെത്തിയാല്‍ തന്റെ സ്‌പോട്ട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
‘രോഹിത് ശര്‍മയും കെ.എല്‍. രാഹുലും ലോകോത്തര താരങ്ങളാണെന്ന് ഞാന്‍ കരുതുന്നു, അവര്‍ ടീമിലുണ്ടാകുമ്പോള്‍ ഞാന്‍ എന്റെ സ്‌പോട്ട് ആവശ്യപ്പെടില്ല. അതിനാല്‍ പ്രാക്ടീസ് സെഷനില്‍ എന്റെ ഏറ്റവും മികച്ചത് നല്‍കുക എന്നതാണ് ഇവിടെ എന്റെ ജോലി. എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം, എന്നെത്തന്നെ തെളിയിക്കണം അല്ലെങ്കില്‍ ടീമിനായി നന്നായി പ്രവര്‍ത്തിക്കണം എന്നുമാത്രമാണ്.
‘അതെ, സെലക്ടര്‍മാര്‍ അല്ലെങ്കില്‍ മറ്റ് പരിശീലകര്‍ എന്ത് വിചാരിക്കുന്നുവോ എന്നതിലുപരി ഞാന്‍ എന്റെ ജോലി ചെയ്തുകൊണ്ടേയിരിക്കും. എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ഞാന്‍ എന്റെ ഏറ്റവും മികച്ചത് നല്‍കും,’ എന്നായിരുന്നു ഇഷാന്‍ കിഷന്‍ അന്ന് പറഞ്ഞത്.
ഇന്നിപ്പോള്‍ ടീമില്‍ രോഹിത്തിന്റെ കൂടെ രാഹുല്‍ വന്നപ്പോള്‍ കിഷന്റെ ടീമിലെ സ്ഥാനം പോയി. ടീമില്‍ സ്ഥാനത്തോടൊപ്പം സ്റ്റാന്‍ഡ് ബൈ പ്ലെയറായും അദ്ദേഹത്തെ എടുത്തില്ല.