ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തിലെ സ്‌പോട്‌ലൈറ്റ് സ്റ്റീലര്‍ ഇഷാന്‍ കിഷനായിരുന്നു. മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.
ശിഖര്‍ ധവാനൊപ്പം ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ കിഷന്‍ തുടക്കത്തില്‍ തന്നെ വെടിക്കെട്ടിന് തിരികൊളുത്തിയിരുന്നു. മൂന്ന് റണ്‍സിന് ശിഖര്‍ ധവാന്‍ മടങ്ങിയപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പം ചേര്‍ന്ന് 290 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ഇഷാന്‍ കിഷന് സാധിച്ചു.
ഏകദിന ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യയുടെ നാലാമത് താരമണ് ഇഷാന്‍ കിഷന്‍. ഇതോടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം തന്റെ പേരെഴുതിച്ചേര്‍ക്കാനും ഇഷാന്‍ കിഷന് സാധിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഒമ്പതാമത് താരവും മെന്‍സ് ഒ.ഡി.ഐയില്‍ ഇരുന്നൂറടിക്കുന്ന ഏഴാമത് മാത്രം താരവുമണ് ഇഷാന്‍ കിഷന്‍.
എന്നാല്‍ ഇഷാന് മുമ്പ് ഇരട്ട സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോ വിരേന്ദര്‍ സേവാഗിനോ രോഹിത് ശര്‍മക്കോ ക്രിസ് ഗെയ്‌ലിനോ മാര്‍ട്ടിന്‍ ഗപ്ടില്ലിനോ ഒന്നും തന്നെയില്ലാത്ത അപൂര്‍വ നേട്ടമാണ് ഇന്ത്യന്‍ യുവതാരം ഈ മത്സരത്തില്‍ നിന്നും തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.
മെന്‍സ് ഒ.ഡി.ഐയില്‍ തന്റെ മെയ്ഡിന്‍ സെഞ്ച്വറി തന്നെ ഇരട്ട സെഞ്ച്വറിയാക്കി കണ്‍വേര്‍ട്ട് ചെയ്ത ആദ്യ താരം എന്ന അസുലഭ റെക്കോഡാണ് ഇഷാന്‍ കിഷന്‍ തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, ഇഷാന്റെയും വിരാടിന്റെയും വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ വമ്പന്‍ ടോട്ടലാണ് ഇന്ത്യ ബംഗ്ലാദേശിന് മുമ്പില്‍ വെച്ചിരിക്കുന്നത്. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 409 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.
ബംഗ്ലാ നിരയില്‍ ബൗള്‍ ചെയ്ത എല്ലാ താരങ്ങളും സമാന്യം ഭേദപ്പെട്ട രീതിയില്‍ അടിവാങ്ങിക്കൂട്ടിയിരുന്നു. പത്ത് ഓവറില്‍ 66 റണ്‍സ് വഴങ്ങിയ മുസ്തഫിസുര്‍ റഹ്മാനും പത്ത് ഓവറില്‍ 68 റണ്‍സ് വഴങ്ങിയ ഷാകിബ് അല്‍ ഹസനുമാണ് കൂട്ടത്തില്‍ തരക്കേടില്ലാതെ പന്തെറിഞ്ഞത്.
തങ്ങളുടെ പുതിയ വജ്രായുധമായി ബംഗ്ലാദേശ് കണ്ടെത്തിയ താസ്‌കിന്‍ അഹമ്മദിനെയടക്കം ഒരു ദയവുമില്ലാതെയാണ് വിരാടും ഇഷാന്‍ കിഷനുമടക്കമുള്ള താരങ്ങള്‍ തല്ലിയൊതുക്കിയത്.
410 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് നിലവില്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ 6/0 എന്ന നിലയിലാണ്.