|

അപ്രതീക്ഷിത തിരിച്ചുവരവുമായി ഇന്ത്യന്‍ സ്റ്റാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദുലീപ് ട്രോഫിയില്‍ ഇന്ത്യ സിയും ഇന്ത്യ ബിയും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. അനന്തപൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബി ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് ഇന്ത്യ സി നേടിയത്. ക്രീസില്‍ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി നേടി മിന്നും ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. നിലവില്‍ 97 പന്തില്‍ 13 ഫോറും ഒരു സിക്‌സും അടക്കം 86 റണ്‍സാണ് താരം നേടിയത്.

ഏറെകാലം ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ കേന്ദ്ര കരാറില്‍ നിന്ന് പുറത്തായ താരം വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. അവസാനമായി 2023ലാണ് താരം അവസാനമായി കളിച്ചത്. എന്നാല്‍ ഇടവേള ആവശ്യപ്പെടുകയും പിന്നീട് ടീമിലേക്ക് തിരിച്ചുവരാന്‍ ആഭ്യന്തരമത്സരങ്ങള്‍ കളിക്കണെമെന്നും താരത്തോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ബി.സി.സി.ഐയുടെ പെരുമാറ്റച്ചട്ടം ലംഘിക്കുകയും മത്സരങ്ങളില്‍ കളിക്കാതെ താരം മാറി നില്‍ക്കുകയും ചെയ്തിരുന്നു.

പിന്നീട് ബുച്ചി ബാബു ട്രോഫിയില്‍ സെഞ്ച്വറി നേടിയ താരം ദുലീപ് ട്രോഫിയില്‍ ഇടം നേടിയെങ്കിലും പരിക്കിന്റെ പിടിയിലായിരുന്നു. എന്നാല്‍ വീണ്ടും ടീമിലെത്തി മിന്നും പ്രകടനമാണ് ഇഷാന്‍ ഇപ്പോള്‍ കാഴ്ചവെക്കുന്നത്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ സിക്ക് വമ്പന്‍ തിരിച്ചടിയാണ് തുടക്കത്തില്‍ ഉണ്ടായത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ റിട്ടയേര്‍ഡ് ഹേര്‍ട് ആയി ടീമിന് നഷ്ടപ്പെടുകയായിരുന്നു. മുകേഷ് കുമാറിന്റെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയെങ്കിലും രണ്ടാം പന്ത് ദേഹത്ത് കൊണ്ട് മത്സരത്തില്‍ നിന്നും പുറത്തു പോകാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു താരം.

ഓപ്പണര്‍ സായി സുദര്‍ശന്‍ 75 പന്തില്‍ നിന്ന് എട്ട് ഫോര്‍ അടക്കം 43 റണ്‍സ് നേടി പുറത്താകുകയായിരുന്നു. പിന്നീട് ഇറങ്ങിയ രജത് പാടിദര്‍ 67 പന്തില്‍ എട്ട് ഫോര്‍ അടക്കം 40 റണ്‍സും നേടി. ഇന്ത്യ ബിക്ക് വേണ്ടി മുകേഷ് കുമാര്‍, നവ്ദീപ് സൈനി എന്നിവരാണ് വിക്കറ്റ് നേടിയത്.

Content Highlight: Ishan Kishan In Great Performance In Duleep Trophy