| Sunday, 17th March 2024, 6:58 pm

ചെറിയ മാറ്റങ്ങള്‍ക്ക് എല്ലാം മെച്ചപ്പെടുത്താന്‍ കഴിയും, മാറ്റങ്ങള്‍ വളരെ പ്രധാനമാണ്; മുംബൈ താരങ്ങള്‍ക്ക് ഇഷാന്‍ കിഷന്റെ സന്ദേശം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യ എത്തിയത് ഏറെ ചര്‍ച്ചകള്‍ ഉണ്ടാക്കിയിരുന്നു. പുതിയ സീസണില്‍ മുംബൈ മാര്‍ച്ച് 24ന് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

കഴിഞ്ഞ സീസണില്‍ പ്ലെയ് ഓഫിലേക്ക് യോഗ്യത നേടിയെങ്കിലും രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനോട് മുംബൈ തോല്‍ക്കുകയായിരുന്നു. പുതിയ സീസണില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഇരുവരുടെയും. എന്നാല്‍ മത്സരത്തിനു മുമ്പ് പരിശീലന സമയത്ത് ഇഷാന്‍ കിഷന്‍ ഒരു സന്ദേശ വീഡിയോ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

‘കളിക്കും മുമ്പ് ഞങ്ങള്‍ ഗ്രൗണ്ടില്‍ വരുന്നത് പരിശീലിക്കാനാണ്. എന്നാല്‍ പരിശീലന സമയത്ത് ആളുകള്‍ എല്ലായിടത്തും വെള്ളക്കുപ്പികള്‍ വലിച്ചെറിയുന്നുണ്ട്. നാം ഗ്രൗണ്ട് വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് എല്ലാം മെച്ചപ്പെടുത്താന്‍ കഴിയും, ഈ മാറ്റങ്ങള്‍ വളരെ പ്രധാനമാണ്,’ ഇഷാന്‍ കിഷന്‍ വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇഷാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു സംസാരവിഷയമായിരുന്നു. ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കാത്തതില്‍ താരത്തെ ബി.സി.സി.ഐ കേന്ദ്ര കരാറില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷായും രഞ്ജി ട്രോഫി കളിക്കാന്‍ താരത്തിന് താക്കീത് ചെയ്തിരുന്നു. എന്നാല്‍ താരം ഇതെല്ലാം അവഗണിക്കുകയായിരുന്നു.

ആഭ്യന്തര മത്സരങ്ങള്‍ ഒഴിവാക്കി വരാനിരിക്കുന്ന ഐ.പി.എല്ലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം മുന്‍ഗണന നല്‍കിയത്. ഇതിനുവേണ്ടി മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കൊപ്പം താരം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. മാത്രമല്ല താരം ഡി.വൈ. പാട്ടീല്‍ ടി-ട്വന്റി ടൂര്‍ണമെന്റിലും പങ്കെടുത്തിരുന്നു.

ഐ.പി.എല്ലില്‍ വരാനിരിക്കുന്ന മത്സരത്തില്‍ താരം മിന്നും പ്രകടനം കാഴ്ച വെക്കും എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Ishan Kishan Give A video Message For His Team mates

We use cookies to give you the best possible experience. Learn more