Advertisement
Sports News
ഇഷാന്‍ കിഷന് വീണ്ടും പണികിട്ടും; ഡി.വൈ. പാട്ടീല്‍ ടൂര്‍ണമെന്റില്‍ അടുത്ത കുരുക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 01, 09:41 am
Friday, 1st March 2024, 3:11 pm

രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതിന് ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും അടുത്തിടെ ബി.സി.സി.ഐ കേന്ദ്ര കരാറില്‍ നിന്നും പുറത്താക്കിയിരുന്നു. ക്രിക്കറ്റില്‍ നിന്ന് ഇരുവരും നീണ്ട ഇടവേള എടുത്തപ്പോള്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും ബി.സി.സി.ഐ പ്രസിഡന്റ് ജയ് ഷായും താരങ്ങളോട് തിരിച്ചു രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരു താരങ്ങളും ഇത് ചെവി കൊണ്ടില്ല.

ഇതേത്തുടര്‍ന്ന് താരങ്ങളെ കരാറില്‍ നിന്ന് പുറത്താക്കിയതിന് ശേഷം ഇഷാന്‍ കിഷന് വീണ്ടും ഒരു തിരിച്ചടി നേരിടാന്‍ സാധ്യത ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ താരം ഡി.വൈ. പാട്ടീല്‍ ടി-ട്വന്റി ടൂര്‍ണമെന്റില്‍ കളിക്കുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. ബാറ്റ് കൊണ്ട് കാര്യമായിട്ട് ഒന്നും താരത്തിന് ചെയ്യാന്‍ കഴിഞ്ഞില്ലായിരുന്നു.

എന്നാല്‍ പ്രശ്‌നം താരം ധരിക്കാന്‍ എടുത്ത ഹെല്‍മറ്റ് ആണ്. ബി.സി.സി.ഐ ചട്ടങ്ങള്‍ അനുസരിച്ച് ബോര്‍ഡിന്റെ ലോഗോ പതിച്ച ഹെല്‍മെറ്റ് പ്രാദേശിക ലീഗുകളില്‍ ഉപയോഗിക്കാന്‍ പാടില്ല. ലോഗോ മറച്ചുകൊണ്ട് താരങ്ങള്‍ക്ക് ഹെല്‍മെറ്റ് ഉപയോഗിക്കാം. എന്നാല്‍ പ്രാദേശിക മത്സരത്തില്‍ ഇഷാന്‍ കിഷന്‍ ബോര്‍ഡിന്റെ ലോഗോ പതിച്ച ഹെല്‍മെറ്റ് ധരിച്ചാണ് കളിച്ചത്. താരം ഹെല്‍മറ്റിലെ ലോഗോ മറക്കാന്‍ പോലും ശ്രദ്ധിച്ചില്ല.

 

മറ്റൊരു ഇന്ത്യന്‍ താരമായ തിലക് വര്‍മ ഇതേ ടൂര്‍ണമെന്റില്‍ കളിച്ചപ്പോള്‍ ബോര്‍ഡിന്റെ ലോഗോ മറച്ചിരുന്നു. ബി.സി.സി.ഐ നിയമം ലംഘിച്ച് ഒരു താരം കളത്തില്‍ ഇറങ്ങിയാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് കളിക്കാരെ തടയാനുള്ള അധികാരം ഉണ്ട്.

എന്നാല്‍ കിഷന്‍ ഹെല്‍മറ്റിലെ ലോഗോ മറക്കാത്തതില്‍ അമ്പയര്‍ പോലും പരാജയപ്പെടുകയായിരുന്നു.

Content Highlight: Ishan Kishan Get Another Trouble In D.Y Patil Tournament