18ാമത് ഡി.വൈ പാട്ടീല്‍ ടി-20 കപ്പില്‍ റൂട്ട് മൊബൈല്‍ ലിമിറ്റഡിനോട് 89 റണ്‍സിന്റെ തോല്‍വി വഴങ്ങി ആര്‍.ബി.ഐ. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ അടക്കമുള്ള താരനിരയുണ്ടായിട്ടും കൂറ്റന്‍ തോല്‍വിയാണ് ആര്‍.ബി.ഐക്ക് വഴങ്ങേണ്ടി വന്നിരിക്കുന്നത്.
ആഭ്യന്തര മത്സരങ്ങള്‍ കളിക്കാത്ത താരങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന ബി.സി.സി.ഐയുടെ ഉഗ്രശാസനത്തിന് പിന്നാലെയാണ് താരം ഡി.വൈ പാട്ടീല്‍ ടി-20 കപ്പിലൂടെ തിരിച്ചുവരാന്‍ ഒരുങ്ങിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ നിറം മങ്ങിയാണ് ഇഷാന്‍ പുറത്തായത്.
12 പന്തില്‍ 19 റണ്‍സ് നേടി നില്‍ക്കവെ മാക്‌സ്‌വെല്‍ സ്വാമിനാഥന്റെ പന്തില്‍ സച്ചിന്‍ ഭോസ്‌ലെക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. രണ്ട് ഫോറും ഒരു സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
അതേസമയം, മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത റൂട്ട് മൊബൈല്‍ ലിമിറ്റഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. ആയുഷ് വര്‍ത്തക്കിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് റൂട്ട് മൊബൈല്‍ മികച്ച സ്‌കോറിലെത്തിയത്. 31 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറും അടക്കം 54 റണ്‍സാണ് താരം നേടിയത്.
വര്‍തക്കിന് പുറമെ 17 പന്തില്‍ 47 റണ്‍സടിച്ച സുമിത് ദേഖാലെയും സ്‌കോറിങ്ങില്‍ നിര്‍ണായക പങ്കുവഹിച്ചു. ഉമേഷ് ഗുജ്ജര്‍ (25 പന്തില്‍ 29), ക്യാപ്റ്റന്‍ അഥര്‍വ കാലെ (15 പന്തില്‍ 23) എന്നിവരാണ് മറ്റ് റണ്‍ സ്‌കോറര്‍മാര്‍.
ആര്‍.ബിക്കായി സയാന്‍ മോണ്ഡല്‍ മൂന്ന് വിക്കറ്റ് നേടി. രാജേഷ് ബിഷ്‌ണോയ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഷഹബാസ് നദീം അമയ ഭണ്ഡാകര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
190 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ആര്‍.ബി.ഐ 16.3 ഓവറില്‍ 103 ഓള്‍ ഔട്ടായി. അവസാന നമ്പറിലിറങ്ങി 27 പന്തില്‍ 24 റണ്‍സ് നേടിയ ഷഹബാസ് നദീമാണ് ടോപ് സ്‌കോറര്‍.
ആര്‍.ബി.ഐ നിരയില്‍ നാല് താരങ്ങള്‍ ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ മൂന്ന് പേര്‍ അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായി.
റൂട്ട് മൊബൈല്‍ ലിമിറ്റഡിനായി ബാര്‍ഡി അലാം അഞ്ച് വിക്കറ്റ് നേടി ആര്‍.ബി.ഐ ബാറ്റിങ് ലൈന്‍ അപ്പിനെ തകര്‍ത്തെറിഞ്ഞു. സച്ചിന്‍ ഭോസ്‌ലെയും ആയുഷ് വര്‍തക്കും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മാക്‌സ് വെല്‍ സ്വാമിനാഥന്‍ ഒരു വിക്കറ്റും നേടി.
Content Highlight: Ishan Kishan dismissed cheaply in DY Patil T20 cup