| Monday, 12th December 2022, 11:52 am

210 റണ്‍സ് നേടിയിട്ടും മോശം റെക്കോഡ്! ആരും ആഗ്രഹിക്കാത്ത റെക്കോഡിന്റെ ഭാഗമായി ഇഷാന്‍ കിഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദശ് പരമ്പരയിലെ മൂന്നാം ഇന്നിങ്‌സ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ എഴുതിവെക്കപ്പെട്ട ഒന്നായി മാറിയിരുന്നു. ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ച്വറിയും റിക്കി പോണ്ടിങ്ങിന്റെ റെക്കോഡ് തകര്‍ത്ത വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടവുമെല്ലാം പിറന്ന മത്സരമായിരുന്നു അത്.

ഏകദിന ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത് ഇന്ത്യന്‍ താരമായും, ലോകക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരം തുടങ്ങി എണ്ണമറ്റ റെക്കോഡുകളാണ് ഒരു മത്സരത്തില്‍ നിന്നും കിഷന്‍ സ്വന്തമാക്കിയത്.

131 പന്തില്‍ നിന്നും 210 റണ്‍സ് നേടിയാണ് ഇഷാന്‍ കിഷന്‍ ചരിത്രം കുറിച്ചത്. 24 ബൗണ്ടറിയും പത്ത് സിക്‌സറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 160.31 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇഷാന്‍ കിഷന്‍ റണ്ണടിച്ചുകൂട്ടിയത്.

ഇഷാന്റെയും കോഹ്‌ലിയുടെയും ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ 409 റണ്‍സ് എന്ന പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 182 റണ്‍സിന് പുറത്താക്കി 227 റണ്‍സിന്റെ വിജയമാഘോഷിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ പ്രകടനത്തിന് പിന്നാലെ നിരവധി റെക്കോഡുകളാണ് ഇഷാനെ തേടിയത്തിയത്. എന്നാല്‍ അതിനൊപ്പം തന്നെ ഒരു അനാവശ്യ റെക്കോഡും സൃഷ്ടിക്കപ്പെട്ടിരുന്നു.

ഒരു ബൈലാറ്ററല്‍ ഏകദിന പരമ്പരയില്‍ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ നേടുകയും അതേസമയം പരമ്പര പരാജയപ്പെടുകയും ചെയ്തതിന്റെ റെക്കോഡാണ് താരത്തെ തേടിയിത്തിയിരിക്കുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ ഡെഡ് റബ്ബര്‍ മാച്ചിലാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. അവസാന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും 2-1ന് പരമ്പര നേടാന്‍ ബംഗ്ലാദേശിനായി.

സിംബാബ്‌വേ സൂപ്പര്‍ താരം ചാള്‍സ് കോവെന്‍ട്രി, ഓസീസ് ലെജന്‍ഡ് മാത്യു ഹെയ്ഡന്‍, കിവീസ് സൂപ്പര്‍ താരം റോസ് ടെയ്‌ലര്‍ എന്നിവരെയെല്ലാം മറികടന്നുകൊണ്ടാണ് ഇഷാന്‍ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്.

210 റണ്‍സ് – ഇഷാന്‍ കിഷന്‍ vs ബംഗ്ലാദേശ്, 2022

194* – ചാള്‍സ് കോവെന്‍ട്രി vs ബംഗ്ലാദേശ്, 2009

181* – മാത്യു ഹെയ്ഡന്‍ vs ന്യൂസിലാന്‍ഡ്, 2007

181* – റോസ് ടെയ്‌ലര്‍ vs ഇംഗ്ലണ്ട്, 2018

180* – മാര്‍ട്ടിന്‍ ഗപ്ടില്‍ vs സൗത്ത് ആഫ്രിക്ക, 2017

Content Highlight: Ishan Kishan creates an unwanted record in ODI

We use cookies to give you the best possible experience. Learn more