ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ വിന്‍ഡീസും ജയിച്ചത് കാരണം മൂന്നാം മത്സരത്തില്‍ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ എല്ലാം പരാജയമായപ്പോള്‍ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. രണ്ട് മത്സരത്തിലും അര്‍ധസെഞ്ച്വറി നേടിയ ഒരേ ഒരു താരം കിഷനാണ്. ഇപ്പോള്‍ നടക്കുന്ന മൂന്നാം മത്സരത്തിലും അദ്ദേഹം അര്‍ധസെഞ്ച്വറി തികച്ചിട്ടുണ്ട്.
64 പന്ത് നേരിട്ട് അതിവേഗത്തില്‍ 77 റണ്‍സാണ് താരം അടിച്ചുക്കൂട്ടിയത്. 120 പ്രഹരശേഷിയില്‍ ബാറ്റ് വീശിയ കിഷനിന്റെ ഇന്നിങ്‌സില്‍ എട്ട് ഫോറും മൂന്ന് സിക്‌സറുകളുമുണ്ടായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലുമായി 145 റണ്‍സിന്റെ പാര്‍ട്ട്‌നര്‍ഷിപ്പ് ഉണ്ടാക്കിയിട്ടാണ് അദ്ദേഹം കളം വിട്ടത്. ഗില്‍ അര്‍ധസെഞ്ച്വറി തികച്ച് പുറത്താകാതെ നില്‍പ്പുണ്ട്.
ആദ്യ മത്സരത്തില്‍ 52 റണ്‍സ് നേടിയ കിഷന്‍ രണ്ടാം മത്സരത്തില്‍ 55 റണ്‍സും നേടിയിരുന്നു.
റിഷബ് പന്ത് ലോകകപ്പിന് കളിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ക്കുള്ള തിരച്ചിലാലാണ് ഇന്ത്യ. സഞ്ജു സാംസണ്‍ ഇഷാന്‍ കിഷന്‍ എന്നിവരായിരിക്കും അവസരം നേടാനുള്ള മത്സരത്തില്‍ മുമ്പില്‍ എന്നുറപ്പാണ്. കിഷനിന്റെ ഈ തകര്‍പ്പന്‍ ഫോം സഞ്ജുവിന് പണി നല്‍കാനുള്ള സാധ്യതയുണ്ട്.
രണ്ടാം മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നുവെങ്കിലും മുതലെടുക്കാന്‍ സാധിച്ചില്ല. നിലവില്‍ നടക്കുന്ന മൂന്നാം മത്സരത്തിലും സഞ്ജു ടീമിലുണ്ട്. ഈ അവസരത്തില്‍ തിളങ്ങാന്‍ സാധിച്ചാല്‍ സഞ്ജുവിന് ഇനിയും അവസരങ്ങള്‍ ലഭിച്ചേക്കാം
അതേസമയം, രണ്ട് മത്സരങ്ങളിലും ഒരുപാട് പരീക്ഷണങ്ങളുമായിട്ടായിരുന്നു ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങിയത്. അതിന്റെ പ്രത്യാഖാതം എന്ന രീതിയില്‍ രണ്ടാം മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. 181 റണ്‍സ് നേടി ഓള്‍ ഔട്ടായ ഇന്ത്യയെ വിന്‍ഡീസ് ആറ് വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. ഈ തോല്‍വിക്ക് ശേഷം ഒരുപാട് വിമര്‍ശനങ്ങള്‍ ഇന്ത്യന്‍ ടീമിനെ തേടി എത്തിയിരുന്നു.