|

കാലങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് ക്യാപ്റ്റനായി; ഇന്ത്യൻ ടെസ്റ്റ് ടീമിൽ കയറാൻ പണി തുടങ്ങി സൂപ്പർതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. വരാനിരിക്കുന്ന ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിന്റെ ക്യാപ്റ്റനായി കൊണ്ടാണ് കിഷന്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്.

കിഷന്‍ ഈ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് താരത്തെ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കി എന്നാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഇഷാന്‍ റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങി വരാന്‍ തയ്യാറാണോ എന്നത് മാത്രമായിരുന്നു ഞങ്ങള്‍ നോക്കിയിരുന്നത്. അവന്റെ കഴിവിനെക്കുറിച്ച് ആയിരുന്നില്ല. തീരുമാനം അവന്റെതായിരുന്നു. ടീമിന്റെ ആദ്യ പട്ടികയില്‍ അവനെ ഉള്‍പ്പെടുത്താതിരുന്നത് അവനെക്കുറിച്ച് ആ സമയങ്ങളില്‍ അറിയാത്തതുകൊണ്ടാണ്. ഇപ്പോള്‍ ടീമിലേക്ക് മടങ്ങിവരാന്‍ അവന്‍ ആഗ്രഹം പ്രകടിപ്പിച്ച നിമിഷം ഞങ്ങള്‍ അവനെ ഡ്രാഫ്റ്റ് ചെയ്തു,’ ജെ.എസ്.സി.എ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ബി.സി.സി.ഐയുടെ നിര്‍ദേശം അവഗണിച്ചുകൊണ്ട് കിഷന്‍ രഞ്ജി ട്രോഫി കളിച്ചിരുന്നില്ല. ഇതിന് പിന്നാലെ ബി.സി.സി.ഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും താരം പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരിച്ചുവരാന്‍ ഇഷാന് അവസരം ലഭിച്ചിരുന്നുവെങ്കിലും താന്‍ കളിക്കാന്‍ ഇല്ലെന്നായിരുന്നു താരം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്.

ഇതിന് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള ക്യാമ്പില്‍ പരിശീലനം നടത്താന്‍ പോവുകയായിരുന്നു കിഷാന്‍. 2022ല്‍ ആയിരുന്നു അവസാനമായി താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിരുന്നത്. അതുകൊണ്ടുതന്നെ ബുച്ചി ബാബു പറ്റി മികച്ച പ്രകടനം നടത്തിക്കൊണ്ട് വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ ആയിരിക്കും ഇഷാന്‍ ലക്ഷ്യം വെക്കുക.

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷബ് പന്താണ്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച സര്‍ഫറാസ് ഖാനും ധ്രൂവ് ജുറലും തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കടുത്ത മത്സരം തന്നെയായിരിക്കും ഉണ്ടാവുക.

Content Highlight: Ishan Kishan Come Back Red Ball Cricket

Video Stories